ശബരി റെയിൽപ്പാത : ആശയും ആശങ്കയുമെന്ന് സംയുക്ത സമരസമിതി
1565761
Monday, June 9, 2025 4:54 AM IST
കോതമംഗലം: ശബരി റെയിൽപ്പാത നടപ്പാക്കാൻ പോകുന്നുവെന്ന വാർത്ത ആശയും ഒപ്പം ആശങ്കയും ജനിപ്പിക്കുന്നതാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ. 2019ൽ മരവിപ്പിച്ച ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും, സാമൂഹ്യ ആഘാതപഠനം നടത്തുകയും, നിർത്തലാക്കിയ പൊന്നും വില ആഫീസുകൾ പുനരാരംഭിക്കുകയും, 4(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ചെയ്താൽ മാത്രമേ ഇതിന്റെ സാധ്യതകളെക്കുറിച്ച് പറയാൻ കഴിയുവെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.
കാരണം പലകുറി ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നതാണ്. കൂടാതെ ഈ പദ്ധതിക്ക് ആവശ്യമുള്ള 3,810 കോടി രൂപ എങ്ങിനെ സമാഹരിക്കുമെന്ന കാര്യത്തെക്കുറിച്ചും വ്യക്തതയില്ലാത്തത് ആശങ്കക്കിടയാക്കുന്നതായി കോതമംഗലം - പെരുമ്പാവൂർ സംയുക്ത സമരസമിതി നേതാക്കളായ ഗോപാലൻ വെണ്ടുവഴി, വിശ്വനാഥൻ നായർ, മുഹമ്മദ് കുഞ്ഞ് എന്നിവർ വ്യക്തമാക്കി.