സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തള്ളിയ മാലിന്യം നീക്കംചെയ്തു
1565766
Monday, June 9, 2025 4:54 AM IST
മൂവാറ്റുപുഴ: സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തള്ളിയ മാലിന്യം ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തെ തുടർന്ന് നീക്കി. പിരളിമറ്റം ഭാഗത്ത് കഴിഞ്ഞദിവസം ലോറിയിൽ തള്ളിയ 20 ലോഡ് മാലിന്യമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരിമാറ്റിയത്.
മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്തുനിന്ന് ലോറിയിലെത്തിച്ച പൈനാപ്പിൾ മാലിന്യം ഉൾപ്പെടെയുള്ള മാലിന്യമാണ് പിരളിമറ്റത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിക്ഷേപിച്ചത്.
മാലിന്യം തള്ളിവർക്കെതിരെ നടപടിയെടുക്കാനോ പിഴ ചുമത്താനോ ആവോലി പഞ്ചായത്ത് അധികൃതർ തയാറായില്ലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. തുടർന്ന് ആവോലി പഞ്ചായത്ത് അധികൃതരുമായി ഡിവൈഎഫ്ഐ നേതാക്കൾ ചർച്ച നടത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നിർദേശപ്രകാരം മാലിന്യം തള്ളിയവരുടെ ചെലവിൽ തന്നെ അവ നീക്കം ചെയ്യുകയായിരുന്നു.