ആവോലി പഞ്ചായത്തിൽ കമ്യൂണിറ്റി ഹാൾ നിർമിക്കാൻ ഭൂമിയായി
1565768
Monday, June 9, 2025 4:54 AM IST
വാഴക്കുളം: ആവോലി പഞ്ചായത്തിൽ കമ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് ഭൂമി ലഭ്യമായതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. പഞ്ചായത്ത് നാലാം വാർഡിൽ ഉൾപ്പെട്ട അടൂപറമ്പ് ചെങ്ങറയിലാണ് കമ്യൂണിറ്റി ഹാൾ നിർമിക്കുന്നത്.
പദ്ധതിക്കായി നേരത്തേ തന്നെ തുക അനുവദിച്ചിരുന്നെങ്കിലും ആവശ്യമായ ഭൂമി കിട്ടാത്തതിനാൽ ഹാൾ നിർമാണം സാധിച്ചിരുന്നില്ല. ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
6,121 ചതുരശ്രയടി ചുറ്റളവിലാണ് ഹാൾ നിർമിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേകം ശുചിമുറികളും ഡ്രസിംഗ് മുറികളും ഇതിനോട് അനുബന്ധമായി നിർമ്മിക്കും. 31 സെന്റ് സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ഓഫ് ട്രാവൻകൂർ ആണ് പദ്ധതിയുടെ നിർമാണ ചുമതല നിർവഹിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ എഫ്ഐടി തയാറാക്കിയിട്ടുണ്ട്.