നായയെ അജ്ഞാത ജീവി കടിച്ചുകൊന്നു
1565770
Monday, June 9, 2025 5:12 AM IST
കോതമംഗലം: വടാട്ടുപാറയിൽ വീട്ടിലെ വളർത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നു. പുലിയാണെന്ന സംശയത്തെത്തുടർന്ന് ഭീതിയോടെ നാട്ടുകാർ.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വടാട്ടുപാറ പലവൻപടി ചിറ്റയം തോമസിന്റെ വീട്ടിലെ വളർത്തുനായയാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തത്. നായയെ മുറ്റത്ത് ചങ്ങലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ഇത്തരത്തിൽ അഞ്ചോളം നായകൾ പ്രദേശത്ത് ആക്രമണത്തിനിരയായിട്ടുണ്ട്.
ആക്രമിക്കുന്നത് പുലിയാണെന്നാണ് നാട്ടുകാർ ഉറച്ചു വിശ്വസിക്കുന്നത്. പുലിയെ കൂടുവച്ച് പിടിച്ചുകൊണ്ടു പോകണമെന്നും, ഫെൻസിംഗ് കാര്യക്ഷമമാക്കണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.