എസ്ഐയ്ക്ക് സ്വകാര്യ ബസിലെ കണ്ടക്ടറുടെ മർദനം
1264768
Saturday, February 4, 2023 1:14 AM IST
ഗുരുവായൂർ: മകനെ യാത്രയാക്കാനെത്തിയ എസ്ഐയ്ക്ക് സ്വകാര്യ ബസിലെ കണ്ടക്ടറുടെ മർദനം.
മുനക്കകടവ് തീരദേശ സ്റ്റേഷനിലെ എസ്ഐ താമരയൂർ സ്വദേശി പുറ്റിങ്ങൽ അറുമുഖ(55)നാണ് മർദനമേറ്റത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. ലീവിലായിരുന്ന എസ്ഐ മകൻ അശ്വിനെ യാത്രയാക്കാൻ കിഴക്കേനടയിൽ റെയിൽവേഗേറ്റിനടുത്തുള്ള താത്കാലിക സ്റ്റാൻഡിലെത്തിയതായിരുന്നു. മകനെ തൃശൂരിലേക്കുള്ള ബസിൽ കയറ്റിയിരുത്തിയശേഷം പുറത്ത് നിൽക്കുകയായിരുന്നു. എസ്ഐ ബസ് കാത്ത് നിൽക്കുകയാണെന്ന ധാരണയിൽ കണ്ടക്ടർ ബസിൽ കയറാൻ ആവശ്യപ്പെട്ടു.
മകനെ യാത്രയാക്കാൻ എത്തിയതാണെന്ന് പറഞ്ഞങ്കിലും കണ്ടക്ടർ ബസിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും വാക്കുതർക്കമാകുകയും എസ്ഐയ്ക്ക് മർദനമേൽക്കുകയും ചെയ്തു. പരിക്കേറ്റ എസ്ഐയെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത ഗുരുവായൂർ ടെന്പിൾ പോലീസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.