‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; വീണ്ടും വിവാദത്തിൽ സുരേഷ്ഗോപി
1592501
Thursday, September 18, 2025 1:16 AM IST
ഇരിങ്ങാലക്കുട: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദസദസിൽ വീണ്ടും വിവാദം. ഇന്നലെ രാവിലെ ഇരിങ്ങാലക്കുട പൊറത്തിശേരി കണ്ടാരംതറയിൽ നടന്ന കലുങ്ക് സൗഹൃദസഭയിലാണു സംഭവം.
കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെയെടുക്കാൻ സഹായിക്കാമോ എന്ന അപേക്ഷയുമായി എത്തിയതായിരുന്നു വൃദ്ധ. മുഖ്യമന്ത്രിയെ സമീപിക്കൂ എന്നു സുരേഷ് ഗോപി അതിനു മറുപടി നൽകി. മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ തനിക്കു പറ്റുമോയെന്നു വൃദ്ധ ചോദിച്ചപ്പോൾ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നു സുരേഷ് ഗോപി പരിഹാസത്തോടെ മറുപടിനൽകി. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. സുരേഷ്ഗോപിയുടെ പരിഹാസവാക്കുകൾകേട്ട് ഒപ്പമുണ്ടായിരുന്നവർ പൊട്ടിച്ചിരിച്ചു.
തുടർന്ന് ‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്നു വൃദ്ധ ചോദിച്ചപ്പോൾ "അല്ല. ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെ'ന്നായിരുന്നു മറുപടി. ‘കരുവന്നൂർ ബാങ്കിൽനിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെത്തരാൻ മുഖ്യമന്ത്രി തയാറുണ്ടോ?.
ഇഡി പിടിച്ചെടുത്ത പണം തിരിച്ചു ബാങ്കിലിട്ട് നിങ്ങൾക്കു തരാനുള്ള സംവിധാനമൊരുക്കാൻ തയാറുണ്ടെങ്കിൽ, ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോടു പറയൂ’ -സുരേഷ് ഗോപി പറഞ്ഞു. കൊച്ചുവേലായുധനു വീടുപണിയാൻ ഇറങ്ങിയവർ കരുവന്നൂരിൽ പണം കൊടുക്കാൻ കൗണ്ടർ തുടങ്ങട്ടെയെന്നും സുരേഷ് ഗോപി പരിഹ സിച്ചു.