വടക്കാഞ്ചേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഇനി മോഡൽ കരിയർ സെന്ററും
1591686
Monday, September 15, 2025 1:10 AM IST
വടക്കാഞ്ചേരി: തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് മോഡൽ കരിയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള 54.75 ലക്ഷം രൂപയുടെ പ്രവർത്തികൾ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിനൽകി ഉത്തരവായി. തൃശൂർ നിർമിതികേന്ദ്രയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ ആരംഭിച്ചു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് എതിർവശത്തെ പബ്ലിക് ഓഫീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടുചേർന്ന് മോഡൽ കരിയർ സെന്റർ യാഥാർഥ്യമാകുന്നതോടെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവുകൾ, ജോബ് ഫെയറുകൾ, ഇന്റർവ്യൂകൾ, ട്രെയിനിംഗുകൾ, പരിശീലന ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാനുള്ള സൗകര്യംകൂടി സജ്ജമാകും.
നിർമാണംപൂർത്തിയാകുന്നതോടെ തൊഴിൽ അന്വേഷകരായ യുവാക്കൾക്ക് മികച്ച പരിശീലനം നൽകാൻ ഉതകുന്ന ഒരു കേന്ദ്രമായി തലപ്പിള്ളി മോഡൽ കരിയർ സെന്ററിനെ വികസിപ്പിക്കാനാകുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
നേരത്തെ തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വികസനം മുന്നിൽക്കണ്ട് കരിയർ സെന്റർ സ്ഥാപിക്കുന്നതിന് കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നടത്തിയിരുന്നു.
പരിമിതികളോടെ പ്രവർത്തിച്ചിരുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ സർക്കാർ കോംപ്ലക്സിലേക്ക് മാറ്റുകയും നഗരസഭ ഓഫീസ് ഈ കോംപ്ലക്സിൽനിന്നും ഒഴിവായതോടെ എംഎൽഎയുടെ നിർദേശപ്രകാരം കളക്ടറുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങൾക്കായി 3525 സ്ക്വയർ ഫീറ്റ് സ്ഥലം അനുവദിച്ച് ഉത്തരവായത്.