കുഴിയിൽ വീണ് ബൈക്ക് യാത്രികനു പരിക്ക്
1591183
Saturday, September 13, 2025 1:28 AM IST
കൊരട്ടി: മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള റീറ്റെയിനിംഗ് വാളിനായി കൊരട്ടി പോലീസ് സ്റ്റേഷനുസമീപം കുഴിച്ച കുഴിയിൽ ബെെക്ക് യാത്രികൻ വീണു.
കെെകാലുകൾക്ക് സാരമായി പരിക്കേറ്റ യുവാവ് കോൺക്രീറ്റിംഗിനായി കെട്ടിയ കമ്പിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം തുണച്ചതുകൊണ്ടു മാത്രമാണ്. ബൈക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു. ചാലക്കുടിയിലേക്കുള്ള ദിശയിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ശബ്ദംകേട്ട് സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരെത്തിയാണ് യുവാവിനെ പുറത്തേക്കെടുത്തത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ലൈറ്റുകളോ അപകടസൂചന നൽകുന്ന ബ്ലിങ്കിംഗ് ലൈറ്റുകളോ സ്ഥാപിക്കാതെ റീറ്റെയിനിംഗ് വാളിനായി കുഴിയെടുക്കുന്നത്.
എൻഎച്ച്എഐ അധികൃതരുടെയും കരാർകമ്പനിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും കണ്ണടയ്ക്കുകയായിരുന്നു. ഡൈവേർഷൻ ബോർഡ് വച്ചിരിക്കുന്നത് കുഴിയോടുചേർന്നാണ്. ഇതുമൂലം അകലെനിന്നുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പൊടുന്നനെയാണ് കുഴികൾ കാണുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ വെളിച്ചത്തിൽ മാത്രമാണ് കുഴികൾ കാണുന്നത്.