കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക
1591185
Saturday, September 13, 2025 1:29 AM IST
കുന്നംകുളം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് പെട്ടെന്ന് പുക ഉയർന്നു. പരിഭ്രാന്തരായ യാത്രക്കാരിൽ ഒരാൾ ബസിന്റെ ചില്ല് പൊളിച്ച് പുറത്തേയ്ക്ക് ചാടി. ഇയാൾക്ക് ചെറിയ പരിക്കേറ്റു.
ഇന്നലെ രാവിലെ 8.30ന് കുന്നംകുളം പാറേമ്പാടത്ത് വച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് എന്ന സ്വകാര്യബസിലാണ് സംഭവം ഉണ്ടായത്.
പാറേമ്പാടത്ത് എത്തുമ്പോൾ ബസിന്റെ അടിഭാഗത്തുനിന്നും പെട്ടെന്ന് പുക ഉയരുകയായിരുന്നു. ഇതോടെ ഡ്രൈവർ ബസ് നിർത്തുകയും പരിഭ്രാന്തരായി യാത്രക്കാർ പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.
ബസിന്റെ ഡീസൽടാങ്ക് പൈപ്പ് പൊട്ടിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കുന്നംകുളം പോലീസും സ്ഥലത്തെത്തി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.