നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികം
1591181
Saturday, September 13, 2025 1:28 AM IST
ചാലക്കുടി: നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം വർണശബളമായി.
36 എഡിഎസുകളുടെ 400 ഓളം അയൽക്കൂട്ടങ്ങളിൽനിന്നുള്ള കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന മത്സരാടിസ്ഥാനത്തിലുള്ള ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. നോർത്ത് ബസ് സ്റ്റാൻഡിൽനിന്നു വാദ്യമേളങ്ങളുടെയും കാവടി, വിവിധ ഫ്ലോട്ടുകൾ എന്നിവയുടെ അകമ്പടിയോടെനടന്ന ഘോഷയാത്ര ടൗൺഹാൾ മൈതാനിയിൽ സ്ഥാപിച്ചു. മെഗാ തിരുവാതിരക്കളി നടന്നു. തുടർന്നുനടന്ന സാംസ്കാരികസമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തിഎഡിഎസ് 33 ഒന്നാംസ്ഥാനവും എഡിഎസ് 32 രണ്ടാംസ്ഥാനവും എഡിഎസ് 35 മൂന്നാംസ്ഥാനവും നേടി. മികച്ച അയൽക്കൂട്ടങ്ങളായി സാരഥി വാർഡ് 35, ഗ്രെയ്സ് വാർഡ് 30, ശിവദ വാർഡ് 22 എന്നിവരേയും തെരഞ്ഞെടുത്തു.
ഘോഷയാത്രയിൽ ഒന്നാംസ്ഥാനം എഡിഎസ് 33, രണ്ടാംസ്ഥാനം എഡിഎസ് 32 , മൂന്നാംസ്ഥാനം വാർഡ് 12, 34 എന്നിവരും നേടി.
നഗരസഭ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഇൻ ചാർജ് കെ. രാധാകൃഷ്ണൻ, ക്ഷേമകാര്യ ചെയർപേഴ്സൺ പ്രീതി ബാബു, സിഡിഎസ് ചെയർപേഴ്സൺ സുബി ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.വി. പോൾ, ആനി പോൾ, ദിപു ദിനേശ്, എം.എം. അനിൽകുമാർ, ബിജു എസ്.ചിറയത്ത്, സി.എസ്. സുരേഷ്, വി.ഒ. പൈലപ്പൻ, എബി ജോർജ്, ആലീസ് ഷിബു, വാർഡ് കൗൺസിലർ നിത പോൾ എന്നിവർ പ്രസംഗിച്ചു.