വിലയില്ല, കണ്ണീരിലായി പച്ചക്കറി കര്‍ഷകര്‍
1590936
Friday, September 12, 2025 1:03 AM IST
വെള്ളിക്കുളങ്ങര: ഓണം സീസണില്‍ നല്ല വില പ്രതീക്ഷിച്ച് പച്ചക്കറി കൃഷി ചെയ്ത കര്‍ഷകര്‍ ഉത്പന്നത്തിന് വിലയില്ലാതായതോടെ കണ്ണീരിലായി.
പച്ചക്കറിയിനങ്ങള്‍ക്ക് വിലയും ഡിമാൻഡും കുറഞ്ഞതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായത്. സമൃദ്ധമായ വിളവ് ലഭിച്ചിട്ടും കൃഷിച്ചെലവുപോലും കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. ഓണക്കാലത്ത് ടണ്‍കണക്കിന് പച്ചക്കറി വിളയുന്ന മറ്റത്തൂര്‍ അടക്കമുള്ള കിഴക്കന്‍ മലയോര മേഖലയില്‍ ഇക്കുറി വളരെ കുറച്ചു കര്‍ഷകര്‍ മാത്രമാണ് പച്ചക്കറി കൃഷിയിറക്കിയത്.
മഴ നീണ്ടുനിന്നതിനാല്‍ ഓണക്കാലത്ത് വിളവെടുപ്പിന് പാകമാകാതെ വന്നതാണ് പച്ചക്കറി കര്‍ഷകര്‍ക്ക് തിരിച്ചടിയായതെന്ന് മറ്റത്തൂരിലെ പച്ചക്കറി കര്‍ഷകനായ ലോനായി കോപ്ലി പറഞ്ഞു.
കടമ്പോട് പുളിന്തറയ്ക്കു സമീപം പാട്ടത്തിനെടുത്ത അരയേക്കര്‍ സ്ഥലത്ത് ഇത്തവണ പയര്‍, കുക്കുമ്പര്‍, വെണ്ട തുടങ്ങിയ പച്ചക്കറിയിനങ്ങളാണ് ലോനായി കൃഷിചെയ്തത്. ഓണത്തിനു വിളവെടുക്കാന്‍ പാകത്തില്‍ രണ്ടുമാസംമുമ്പേ കൃഷിയിറക്കിയെങ്കിലും പതിവില്ലാത്തവിധം മഴ നീണ്ടുനിന്നത് ഈ കര്‍ഷകന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചു. ചെടികള്‍ പൂവിടാന്‍ വൈകിയതിനാല്‍ ഓണത്തിനുമുമ്പ് വിളവെടുപ്പിനു പാകമായില്ല. ഓണം കഴിഞ്ഞപ്പോള്‍ പയറും കുക്കുമ്പറും ധാരാളമായി വിളഞ്ഞെങ്കിലും വാങ്ങാനാളില്ലാത്ത അവസ്ഥയായി. ഇതുമൂലം വിലയും മൂന്നിലൊന്നായി കുറഞ്ഞു.
ഓണവിപണിയില്‍ കിലോയ്ക്ക് നൂറുരൂപവരെ വിലയുണ്ടായിരുന്ന പയറിന് ഓണം കഴിഞ്ഞതോടെ 30 രൂപയായി താഴ്ന്നു. കുക്കുമ്പറിന്റെ വില മുപ്പതില്‍നിന്ന് പകുതിയായി കുറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാ മെന്നുവച്ചാല് വാങ്ങാനും ആളില്ലാത്ത അവസ്ഥയാണെന്നു ലോനായി പറയുന്നു. കിട്ടിയ വിലയ്ക്ക് വിറ്റഴിക്കേണ്ട ഗതികേടിലാണ്. കൃഷയിറക്കാനായി ചെലവഴിച്ച ഒന്നരലക്ഷത്തോ ളം രൂപയില്‍ പകുതിപോലും തിരിച്ചുകിട്ടില്ലെന്നാണു ലോനായിയുടെ സങ്കടം.