വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്: കോൺഗ്രസ്
1590432
Wednesday, September 10, 2025 1:46 AM IST
വടക്കാഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടിക പുതുക്കി പ്രസിദ്ധീകരിച്ചപ്പോൾ തെക്കുംകര പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമകേടെന്നു കോൺഗ്രസ്.
16-ാം വാർഡ്, പനങ്ങാട്ടുകരയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരായിരുന്ന ക്രമനമ്പർ 406ലെ വോട്ടറായ കുണ്ടുവളപ്പിൽവീട്ടിൽ അബുബർ(78), 648-ാം ക്രമനമ്പറിലെ വോട്ടറും പനങ്ങാട്ടുകരയിൽ സ്ഥിര താമസക്കാരനുമായ എടക്കാട്ടുവീട്ടിൽ മാധവൻകുട്ടിനായർ(59) ഉൾപ്പടെ മുപ്പതോളം പേരുടെ വോട്ടുകൾ മരിച്ചുപോയവരെന്ന നിലയിൽ ഏകപക്ഷീയമായി വെട്ടിമാറ്റിയെന്നു കോൺഗ്രസ് ആരോപിച്ചു.
തെക്കുംകര പഞ്ചായത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വ്യാപകമായാണ് ജീവിച്ചിരിക്കുന്നവരെ വോട്ടർ പട്ടികയിൽനിന്ന് നിക്കിയിരിക്കുന്നത്.
ഇതിനെതിരേ വാർഡ് കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിനൽകി. വോട്ടർപട്ടിക പുനഃക്രമീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളും നിയമനടപടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് വി.ആർ. ശ്രീകാന്ത്, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഹ്സാൻ ഷെയ്ക്ക്, ബൂത്ത് പ്രസിഡന്റ് വിജോയ് കുറ്റിക്കാടൻ എന്നിവർ അറിയിച്ചു.
ഗുരുവായൂർ: നഗരസഭയിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നതായി യുഡിഎഫ് ആരോപണം.
ഇതുസംബന്ധിച്ച് കോൺഗ്രസ് നഗരസഭ സെക്രട്ടറിക്ക് പരാതിനൽകി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർമാരായ കെ.പി.എ. റഷീദ്, ബി.വി. ജോയ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാറിന് പരാതി നൽകിയത്.
ജീവിച്ചിരിക്കുന്നവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടുള്ളതായും എന്നാൽ മരണപ്പെട്ട വ്യക്തികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് ആരോപിച്ചു. വർഷങ്ങൾക്കുമുമ്പ് താമസംമാറിപ്പോയവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുള്ളതായും പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു.