സഞ്ചാരികളേ, കാനനപാതയിൽ വാഹനം നിർത്തരുത്; അപകടമാണ്
1590937
Friday, September 12, 2025 1:03 AM IST
അതിരപ്പിള്ളി: കാനനപാതയിലൂടെ സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും വാഹനങ്ങൾക്കുനേരെ വന്യമൃഗങ്ങൾ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും പതിവാകുന്നു.
അതിരപ്പിള്ളി -മലക്കപ്പാറ- വാൽപ്പാറ അന്തർസംസ്ഥാന കാനനപാതയിൽ വന്യമൃഗആക്രമണം വർധിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളെ സഞ്ചാരികൾ പ്രകോപിപ്പിക്കുന്നതാണ് ഇതിനു പ്രധാന കാരണമെന്നു വനംവകുപ്പ് അധികൃതർ പറയുന്നു.
അതിരപ്പിള്ളിമുതൽ വാഴച്ചാൽവരെ റോഡിൽ വിവിധയിടങ്ങളിൽ വനസംരക്ഷണസമിതി പ്രവർത്തകരുള്ളതിനാൽ വിനോദസഞ്ചാരികളെ ഈ പ്രദേശങ്ങളിൽ വാഹനം നിർത്താൻ അനുവദിക്കാറില്ല. എന്നാൽ, വിജനപ്രദേശങ്ങളിൽ വന്യമൃഗങ്ങളെ കണ്ടാൽ സഞ്ചാരികൾ വാഹനംനിർത്തി ഫോട്ടോയെടുക്കുന്നതും പ്രകോപിപ്പിക്കുന്നതുമാണു പ്രശ്നമാകുന്നത്.
മനുഷ്യസാന്നിധ്യം അസ്വസ്ഥപ്പെടുത്തുന്നതിനാലും വഴി തടസപ്പെടുന്നതിനാലും ബഹളം കാരണവും മറ്റും ആനകൾ അക്രമകാരികളാകുന്നു. വഴിതടഞ്ഞവർ കടന്നുപോയാലും പിന്നാലെയെത്തുന്ന വാഹനങ്ങൾ ആക്രമിക്കപ്പെടുന്നതാണു പതിവ്.
കാനനപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരും വിനോദസഞ്ചാരികളും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു വനംവകുപ്പ് നിർദേശങ്ങൾ നൽകുന്നുണ്ട്.
കാനനപാതയിൽ വാഹനങ്ങൾ നിർത്തി പുറത്തിറങ്ങാതിരിക്കുക, വന്യമൃഗങ്ങളെ കാണുന്പോൾ വാഹനങ്ങൾ നിർത്താതിരിക്കുക, ഹോണ്‍ അടിക്കാതിരിക്കുക, അവയ്ക്കു ഭക്ഷണസാധനങ്ങൾ കൊടുക്കാതിരിക്കുക, സഞ്ചാരപഥം തടയാതിരിക്കുക തുടങ്ങിയവയാണ് അതിൽ പ്രധാനം.
ഈ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു.