അന്നമനടയിൽ 121 കോടി വികസനം: പ്രചാരണം അഴിമതി വെള്ളപൂശാൻ
1591180
Saturday, September 13, 2025 1:28 AM IST
അന്നമനട: ഗ്രാമപഞ്ചായത്ത് ഭരണകക്ഷിയായ എൽഡിഎഫിന്റെ 121 കോടി വികസനം എന്ന പ്രചാരണത്തിനുപിന്നിൽ വൻ അഴിമതിയെന്ന് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. രവി നമ്പൂതിരി ആരോപിച്ചു.
രണ്ടുഘട്ടങ്ങളിലായി നടത്തിയ മൂന്നുകോടിയുടെ ചിറയൻ ചാൽ സംരക്ഷണ പദ്ധതിയിൽ അഴിമതിയുണ്ടെന്നും പദ്ധതി സിപിഎം നേതാക്കൾക്ക് പണം സ്വരൂപിക്കാനുള്ള മാർഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിനും ജലസേചനത്തിനും പ്രയോജനപ്രദമാകുംവിധം വെണ്ണൂർതുറ മുതൽ കുണ്ടൂർക്കടവുവരെയുള്ള മൂന്നു പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭാഗത്തെ തോടുകൾ, ഉപതോടുകൾ, കരിക്കാട്ട് ചാൽ എന്നിവ വൃത്തിയാക്കുന്ന പദ്ധതി ഉദ്ഘാടനം നടത്തിയെങ്കിലും 50 ലക്ഷം രൂപ ചെലവാക്കി ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ വശങ്ങൾ കെട്ടിക്കൊടുത്തു എന്നല്ലാതെ മറ്റു യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്നും ഇതിന്റെ പിന്നിൽ വൻ അഴിമതിയുണ്ടന്നും യുഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അച്യുതമാരാർ വാദ്യകലാക്ഷേത്രത്തിൽ ഓപ്പൺ സ്റ്റേജ് നിർമാണത്തിലും അഴിമതിയാണ്. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടികിടക്കുന്ന ഇടത്താണ് സ്റ്റേജ് നിർമിച്ചിരിക്കുന്നതെന്നും യുഡിഎഫ് അംഗങ്ങളായ കെ.എ. ഇക്ബാൽ, ടെസി ടൈറ്റസ്, ഡേവിസ് കുര്യൻ, സുനിത സജീവൻ, ആനി ആന്റോ, ലളിത ദിവാകരൻ, സി.കെ. ഷിജു എന്നിവർ വിമർശിച്ചു.