പരുന്തുംപാറയില്‍ കാട്ടാനശല്യം രൂക്ഷം
1590694
Thursday, September 11, 2025 1:29 AM IST
പാലപ്പിള്ളി: കാട്ടാനകള്‍ റോഡലിറങ്ങി ആക്രമണംനടത്താന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ റോഡ് താല്‍ക്കാലികമായി അടച്ചുകെട്ടി.
ഇഞ്ചക്കുണ്ട് പരുന്തുംപാറയിലാണ് റോഡിലിറങ്ങി ആനകള്‍ യാത്രക്കാരെ ഓടിച്ചത്. കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നാട്ടുകാര്‍ മുന്‍കൈയെടുത്താണ് റോഡ് അടച്ചുകെട്ടിയത്. ആനശല്യംകാരണം രണ്ടുമണിക്കൂര്‍ നേരമാണ് റോഡ് അടഞ്ഞുകിടന്നത്.
തുടര്‍ച്ചയായി ഇറങ്ങിയ ആനകള്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നൂറോളം വാഴകളാണ് നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. വാഴകള്ക്കുപുറമെ തെങ്ങ്, റബര്‍ എന്നീ വിളകളും കാട്ടാനകള്‍ നശിപ്പിച്ചു. ഒരാഴ്ചയായി മൂന്ന് ആനകളാണ് പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. ആനയുടെ ശല്യം രൂക്ഷമാവുന്ന രാത്രികളില്‍ വനപാലകരെ വിളിച്ചാലും എത്താറില്ലന്നാണ് കര്‍ഷകരുടെ പരാതി.
സജീവ് കൊട്ടിശേരി, മേരി കാപ്പില്‍, സണ്ണി കൊട്ടിശേരില്‍, ഹനീഫ മന്ത്രിക്കുത്ത്, തോമസ് തെക്കേകൈതക്കല്‍, മാത്യു വേങ്ങക്കല്‍ എന്നിവരുടെ കൃഷികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകള്‍ നശിപ്പിച്ചത്.
രാത്രികളില്‍ ഭീതിജനകമാണ് അവസ്ഥയെന്നും ആനകള്‍ കാടിറങ്ങുന്നത് തടയാന്‍ വനപാലകര്‍ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കഴിഞ്ഞകാലങ്ങളില്വന്ന കൃഷിനാശങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.