കേരളത്തിൽ പകർച്ചവ്യാധികൾ കുറയുന്നു; പനിക്കണക്കുകളിലും ആശ്വാസം
1590685
Thursday, September 11, 2025 1:29 AM IST
തൃശൂർ: കേരളത്തിൽ പകർച്ചവ്യാധികൾ കുറയുന്നു. പനിക്കണക്കുകളിലും ആശ്വാസകരമായ കുറവ്. ജില്ലയിലും പനിഭീതി ഒഴിയുന്നു.
കഴിഞ്ഞ മാസം പ്രതിദിനം പതിനായിരത്തിലേറെ പനി റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനത്ത് ഈ മാസം രോഗബാധ കുത്തനേ കുറഞ്ഞത് ആശ്വാസമായി. തുടർച്ചയായ മഴ ഒഴിവായതോടെയാണ് പനിക്കേസുകൾ കുറഞ്ഞത്.
ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾപ്രകാരം ഈ മാസം 63, 439 പേർ ഒപിയിൽ ചികിത്സതേടിയപ്പോൾ 852 പേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 487 പേർ ചികിത്സതേടിയപ്പോൾ 199 പേരെ അഡ്മിറ്റ് ചെയ്തു. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
എലിപ്പനി ലക്ഷണങ്ങളോടെ 105 പേർ ചികിത്സ തേടി. 87 പേരെ അഡ്മിറ്റ് ചെയ് തു. ഏഴു മരണവും റിപ്പോർട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ്, ഇൻഫ്ലുവൻസ കേസുകളും കുത്തനേ കുറഞ്ഞു. ഒടുവിലെ റിപ്പോർട്ട് പ്രകാരം 264 പേർ ഹെപ്പറ്റൈറ്റിസിനു ചികിത്സ തേടിയപ്പോൾ 137 പേർ ഇൻഫ്ലുവൻസയ്ക്കു ചികിത്സ തേടി.
ജില്ലയിലും രോഗബാധ കുത്തനേ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം പ്രതിദിന പനിക്കണക്കുകൾ ആയിരം പിന്നിട്ടിരുന്നുവെങ്കിൽ ഈ മാസം ഇതുവരെയും പനിബാധിതരുടെ എണ്ണം പ്രതിദിനം ആയിരം കടന്നിട്ടില്ല. ആദ്യ ഒന്പതു ദിവസങ്ങളിലെ റിപ്പോർട്ടുകൾപ്രകാരം ജില്ലയിൽ 5592 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തത്. ഇതിൽ 64 പേരെ മാത്രമേ അഡ്മിറ്റ് ചെയ്തിട്ടുള്ളൂ.
ഡെങ്കി, എലിപ്പനി കേസുകളും കുത്തനേ കുറഞ്ഞു. 48 പേർ ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടിയപ്പോൾ 26 പേരെ അഡ്മിറ്റ് ചെയ്തു. എലിപ്പനി ബാധിച്ച് 15 പേർ അഡ്മിറ്റായി. മൂന്നു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മലേറിയ, ഏഴ് ഹെപ്പറ്റൈറ്റിസ് എന്നിവയും ഈ മാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അധികം മഴയില്ലാത്ത കാലാവസ്ഥ പകർച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കാൻ സഹായിച്ചുവെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. പനിലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.