സിപിഎമ്മിനെ വെട്ടിലാക്കി ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തൽ
1590932
Friday, September 12, 2025 1:03 AM IST
ഒല്ലൂർ: സിപിഎം മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള സഹകരണ ബാങ്കുകളിൽ വൻക്രമക്കേടെന്ന പരാതിയുമായി ഡിവൈഎഫ്ഐ നേതാവ്. സിപിഎമ്മിന്റെ കീഴിലുള്ള ആറു സഹകരണസംഘങ്ങളിൽ വൻ അഴിമതിയാണെന്നു ഡിവൈഎഫ് ഐ നേതാവും സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ നിബിൻ ശ്രീനിവാസൻ ആരോപിച്ചു.
സഹകരണസംഘങ്ങളിലെ സാമ്പത്തികക്രമക്കേട് മണ്ണുത്തി ഏരിയ സെക്രട്ടറിയുടെ അറിവോടെയെന്നും നിബിൻ ആരോപിച്ചു. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനു മാസങ്ങൾക്കുമുന്പ് അയച്ച പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ല.
വൻ അഴിമതിയും ക്രമക്കേടും നടന്നതായാണ് പരാതി. ഭൂമി വാങ്ങിയതിലും വൻ ക്രമക്കേട് നടന്നു. സ്വർണപ്പണയ പണമിടപാടിലും ക്രമക്കേടു നടന്നതായി നിബിൻ ശ്രീനിവാസൻ ആരോപിച്ചു.
പാർട്ടി ഓഫീസിനായി മൂർക്കനിക്കരയിൽ 200 ചതുരശ്രഅടിയുള്ള മുറി ഒരു പാർട്ടി അംഗത്തിന്റെ പേരിൽ പണയംവച്ച് ഒന്പതുലക്ഷം തട്ടിയതായി ആരോപണമുണ്ട്. തട്ടിപ്പുകൾക്കു പാർട്ടി ഏരിയ സെക്രട്ടറി കൂട്ടുനിൽക്കുന്നതായും ആരോപിച്ചു.
പരാതി വ്യക്തമായി എഴുതിനൽകിയ തന്നെ തരംതാഴ്ത്തിയെന്നും നിബിൻ മാധ്യമങ്ങളോടു പറഞ്ഞു. ഏരിയ കമ്മിറ്റി അംഗമായ തന്നെ ലോക്കൽ കമ്മിറ്റിഅംഗമായി തരംതാഴ്ത്തുകയായിരുന്നു.
അതേസമയം, പരാതിയുടെ പേരിൽ നിബിനെ തരംതാഴ്ത്തിയിട്ടില്ലെന്നു സിപിഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ് പറഞ്ഞു.
തൃശൂരിൽ അഴിമതിയുടെ പകൽപ്പൂരം: ജോണ് ഡാനിയൽ
തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളിൽ വ്യാപകമായി വായ്പത്തട്ടിപ്പും പണയത്തട്ടിപ്പും നടക്കുന്നുവെന്നു സിപിഎം ഏരിയാ നേതാവ് തന്നെ വെളിപ്പെടുത്തിയതോടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നു തെളിഞ്ഞിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി ജോണ് ഡാനിയൽ പറഞ്ഞു.
മണ്ണുത്തി ഏരിയാ കമ്മിറ്റിക്കു കീഴിലെ ഒരു ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽമാത്രം സിപിഎം ഭരിക്കുന്ന എട്ടിൽ ഏഴ് സംഘങ്ങളിലും പാർട്ടി ഏരിയാ നേതാവിന്റെ നേതൃത്വത്തിൽ വൻതോതിൽ തട്ടിപ്പും അഴിമതിയും നടക്കുന്നുവെന്നാണ് സിപിഎം മണ്ണുത്തി ഏരിയ കമ്മിറ്റി മുൻ അംഗം വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ, ജില്ലയിലെ മറ്റ് ഏരിയ കമ്മിറ്റികളുടെ പരിധിയിൽ എത്ര ആയിരം കോടികളുടെ വെട്ടിപ്പായിരിക്കും നടന്നിരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ഏതാനും പ്രാദേശികനേതാക്കളുടെ മാത്രം അറിവോടെ ഇത്ര വിപുലമായ പകൽക്കൊള്ള നടത്താൻ കഴിയുകയില്ല.
മാത്രമല്ല, തട്ടിപ്പു സംബന്ധിച്ചു നൽകിയ വ്യക്തമായ പരാതികൾ സംസ്ഥാനസെക്രട്ടറി അവഗണിച്ചു എന്നതും പാർട്ടി നേതൃത്വത്തിന്റെ ഒത്താശയ്ക്കു തെളിവാണ്.
കരുവന്നൂർ സഹകരണ ബാങ്കിൽ കണ്ടത് അഴിമതിയുടെ സാന്പിൾ വെടിക്കെട്ട് മാത്രമാണെന്നും, തട്ടിപ്പിന്റെ പകൽപ്പൂരങ്ങൾതന്നെ ഇനിയും പുറത്തുവരാനുണ്ടെന്നുമാണ് ഇതിൽനിന്നു തെളിയുന്നത്. ലോക്കൽ സെക്രട്ടറിമാർമുതൽ സംസ്ഥാന ഭാരവാഹികൾവരെയുള്ള അഴിമതിയുടെ ഉത്സാഹക്കമ്മിറ്റിക്കാരെ ഉടൻ പൊതുസമൂഹത്തിനു മുന്പിൽ വെളിപ്പെടുത്തി ജനകീയവിചാരണ നടത്താൻ കോണ്ഗ്രസ് തയാറാകുമെന്നും ജോൺ ഡാനിയൽ പറഞ്ഞു.