മുല്ലപ്പുഴ ജലോത്സവം; ഹനുമാൻ നമ്പർ വൺ വീണ്ടും ഒന്നാമൻ
1590690
Thursday, September 11, 2025 1:29 AM IST
ചാവക്കാട്: ജില്ലാപഞ്ചായത്തും കറുകമാട് കലാസാംസ്കാരികവേദിയും സംയുക്തമായി സംഘടിപ്പിച്ച ഡോ.എപിജെ അബ്ദുൾ കലാം എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ യുവശക്തി പുളിയംതുരുത്തിന്റെ ഹനുമാൻ നമ്പർവൺ വള്ളം എവർറോളിംഗ് ട്രോഫി സ്വന്തമാക്കി.
രണ്ടാംതവണയാണ് ഹനുമാൻ ഒന്നാമനാകുന്നത്. വീരസേനാപതി ബോട്ട് ക്ലബിന്റെ പുത്തൻപറമ്പിൽ രണ്ടാംസ്ഥാനവുംനേടി. ബി ഗ്രേഡ് വിഭാഗത്തിൽ ടിഡിബിസി തൊയക്കാവ് സെന്റ് സെബാസ്റ്റ്യൻ നമ്പർ ടു വള്ളം ഒന്നാംസ്ഥാനവും നടുവിൽക്കര മടപ്ലാംതുരുത്ത് ടീമിന്റെ ബ്ലാക്ക്ഹോഴ്സ് വള്ളം രണ്ടാംസ്ഥാനവും നേടി. മികച്ച അമരക്കാരായി ഹനുമാൻ വള്ളത്തിലെ സുഭാഷ്, സെന്റ് സെബാസ്റ്റ്യൻ വള്ളത്തിലെ മനോജ് എന്നിവരെ തെരഞ്ഞെടുത്തു. സ്പ്രിന്റ് മത്സരങ്ങൾ നടക്കാറുള്ള ഇവിടം ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. എ ഗ്രേഡ് വിഭാഗത്തിൽ ഏഴും ബി ഗ്രേഡ് ഇനത്തിൽ ഒമ്പതും വള്ളങ്ങൾ ശക്തിതെളിയിച്ചു.
എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് അംഗം വി.എം. മുഹമ്മദ് ഗസാലി അധ്യക്ഷതവഹിച്ചു. കലക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനംനടത്തി. എ. അബ്ദുൽ റഹിം, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, ഹസീന താജുദ്ധീൻ, മിസ്രിയ മുസ്താഖ് അലി, സുബ്രഹ്മണ്യൻ, മുഹമ്മദ്, ബോഷി ചാണാശേരി, മുഹമ്മദ് ഷാക്കിർ തുടങ്ങിയവർ പ്രസംഗിച്ചു.