ഠാണാ - ചന്തക്കുന്ന് ജംഗ്ഷൻ വികസനം; കെഎസ്ടിപിയുടെ മേൽനോട്ടം വേണമെന്നു മന്ത്രി ബിന്ദു
1590935
Friday, September 12, 2025 1:03 AM IST
തൃശൂർ: ഠാണാ - ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായുള്ള റോഡ് നിർമാണത്തിൽ കെഎസ്ടിപിയുടെ നിരന്തര മേൽനോട്ടം ഉറപ്പാക്കണമെന്നു മന്ത്രി ഡോ. ആർ. ബിന്ദു നിർദേശിച്ചു. കെഎസ്ടിപി റോഡ് നിർമാണത്തിലെ പുരോഗതി വിലയിരുത്താനായി രാമനിലയത്തിൽ ചേർന്ന യോഗത്തിലാണു മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്.
ഠാണാ - ചന്തക്കുന്ന് റോഡ് വികസനമടക്കം തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ നടക്കുന്ന മുഴുവൻ നിർമാണപ്രവൃത്തിയും 2026 ഫെബ്രുവരി 28നകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഠാണാ - ചന്തക്കുന്ന് റോഡിൽ ചാലക്കുടി ഭാഗത്തേക്കും മൂന്നുപീടിക ഭാഗത്തേക്കുമുള്ള നിർമാണപ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ഈ ഭാഗങ്ങളിലെ ഡ്രെയ്നേജ് ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്നും പത്തുദിവസംകൊണ്ട് നിർമാണം പൂർത്തിയാകുമെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചു.
യോഗത്തിൽ സബ് കളക്ടർ അഖിൽ വി. മേനോൻ, കെഎസ്ടിപി എക്സിക്യുട്ടീവ് എൻജിനീയർ റിജോ റിന്ന, പോലീസ്, ഗതാഗതവകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, നിർമാണക്കന്പനി പ്രതിനിധികൾ, ബസുടമകൾ തുടങ്ങിയവർ പങ്കെടുത്തു.