കേച്ചേരിയിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്കു സ്വകാര്യ ബസ് കണ്ടക്ടറുടെ മർദനം
1590689
Thursday, September 11, 2025 1:29 AM IST
കേച്ചേരി: കേച്ചേരിയിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് സ്വകാര്യ ബസ് കണ്ടക്ടറുടെ മർദനം. സുൽത്താൻബത്തേരിയിൽനിന്നു ആലപ്പുഴയിലേക്ക് പോയിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറായ കരുനാഗപ്പള്ളി സ്വദേശി രാജേഷ്കുമാറിനാണ് മർദനമേറ്റത്.
തോളെല്ലിനു പൊട്ടലേറ്റ രാജേഷ്കുമാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മിനിയാന്നു രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. കേച്ചേരിയിൽ ഉണ്ടായ വാഹനക്കുരുക്ക് പരിഹരിക്കുന്നതിനായി രാജേഷ്കുമാർ റോഡിലേക്ക് ഇറങ്ങി ഗതാഗതം നിയന്ത്രിക്കുന്നതിനിടെ സ്വകാര്യ ബസിലെ കണ്ടക്ടറായ കാളത്തോട് സ്വദേശി മുഹമ്മദ് സാലിഹുമായി തർക്കമുണ്ടാവുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു.
സംഘർഷത്തിനിടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടതായും ടിക്കറ്റ് മെഷീനു കേടുപാടുകൾ സംഭവിച്ചതായും രാജേഷ്കുമാറിന്റെ പരാതിയിൽ പറയുന്നു. കുന്നംകുളം പോലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചു.