സൗജന്യമായി വിഗ്ഗുകൾ നൽകി
1591190
Saturday, September 13, 2025 1:29 AM IST
തൃശൂർ: കാൻസർമൂലം മുടി നഷ്ടമായ 128 പേർക്കു സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളജ് ആശുപത്രി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഡീനും അമല കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ ഡോ. രാജി രഘുനാഥ് ഉദ്ഘാടനം ചെയ്തു.
അമല ഓഡിറ്റോറിയത്തിൽ നടന്ന 38-ാമത് സൗജന്യ വിഗ്ഗ് വിതരണ ചടങ്ങിൽ അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടൻമാണി, ആലുവ സ്നേഹതീരം ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കര, ഹെയർ ഡോണേഴ്സ് പ്രതിനിധി കോയന്പത്തൂർ ഹെക്സ ക്ലിനിക്കിലെ ഡോ. സി.വി. അമൃത, തവനൂർ കെഎംജി യുപി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ബിന്ദു, അമല വെൽനസ് വിഭാഗം മേധാവി സിസ്റ്റർ ഡോ. നാൻസി, പ്രോഗ്രാം കോഓർഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്തനാർബുദം ബാധിച്ച 50 രോഗികൾക്കു കൃത്രിമസ്തനങ്ങളുടെ സൗജന്യവിതരണം, കേശദാനം സ്നേഹദാനം ക്യാന്പുകൾ സംഘടിപ്പിച്ച 28 സ്ഥാപനങ്ങളെയും അമല ആശുപത്രിയിൽവച്ച് മുടി മുറിച്ചുനൽകിയ15 വ്യക്തികൾക്കു മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിക്കൽ എന്നിവയും ഉണ്ടായിരുന്നു.
ഇതിനോടകം 2200 കാൻസർ രോഗികൾക്ക് അമല മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും സൗജന്യമായി വിഗ്ഗുകളും 700 സ്തനാർബുദ രോഗികൾക്കു സൗജന്യമായി നിറ്റഡ് നോക്കേഴ്സും നൽകാൻ കഴിഞ്ഞതായി ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടൻമാണി പറഞ്ഞു. 470 പുരുഷന്മാർ ഉൾപ്പെടെ മൂന്നുവയസ് മുതൽ 70 വയസുവരെയുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 21,000 പേർ ഈ സ്നേഹകൂട്ടായ്മയിലേക്കു മുടി ദാനം ചെയ്തിട്ടുണ്ട്.
അമല നഴ്സിംഗ് കോളജിലെ വിദ്യാർഥികളും അമല ആശുപത്രിയിലെ ജീവനക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 15 പേരും മുടി മുറിച്ചുനൽകി.