അവകാശദിനാചരണം: അതിരൂപതാതല ഉദ്ഘാടനം
1591676
Monday, September 15, 2025 1:10 AM IST
തൃശൂർ: 21നു തൃശൂരിൽ നടത്തുന്ന സമുദായ ജാഗ്രതാസദസിനു മുന്നോടിയായി അതിരൂപതയിലെ ഇടവകകളിൽ സംഘടിപ്പിച്ച അവകാശദിനാചരണത്തിന്റെയും മുഖ്യമന്ത്രിക്കു നൽകുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണത്തിന്റെയും അതിരൂപതാതല ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. കോളങ്ങാട്ടുകര സെന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. സിറിയക് ചാലിശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ജീജോ വള്ളുപ്പാറ, പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ട്രഷറർ റോണി അഗസ്റ്റിൻ, ഫൊറോന പ്രസിഡന്റ് ബാബു നീലങ്കാവിൽ എന്നിവർ പങ്കെടുത്തു.
അതിരൂപതയിലെ ഇരുന്നൂറിലേറെ ഇടവകകളിൽ അവകാശദിനാചരണവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഇടവക വികാരിമാരും സമുദായനേതാക്കളും നേതൃത്വംനൽകി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കുക, വിദ്യാഭ്യാസമേഖലയിലെ നീതിരഹിത വിവേചനങ്ങൾ അവസാനിപ്പിക്കുക, മലയോര - തീരദേശ - ചെറുകിട കച്ചവടമേഖലയിലെ പ്രതിസന്ധികൾക്കു പരിഹാരം കാണുക, സഭാസ്വത്തുവകകൾ കൈയടക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണു സമുദായ ജാഗ്രതാസദസ് സംഘടിപ്പിക്കുന്നത്.
21ന് ഉച്ചകഴിഞ്ഞു മൂന്നിനു സെന്റ് തോമസ് കോളജിൽനിന്ന് ആരംഭിക്കുന്ന അവകാശ പ്രഖ്യാപനറാലിയും ഡോളേഴ്സ് ബസിലിക്ക അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലും അതിരൂപതയിലെ ഇടവകകളിൽനിന്ന് ആയിരക്കണക്കിനുപേർ പങ്കെടുക്കും.