വൈദിക - സന്യസ്തസംഗമം നടത്തി
1591446
Sunday, September 14, 2025 1:15 AM IST
മാള: മാളപള്ളിപ്പുറം സെന്റ്് ആന്റണീസ് തീർഥാടന കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിൽ സേവനമനുഷ്ഠിച്ച വൈദികരുടെയും ഇടവകയിലെയും അയൽ ഇടവകയിലെയും വൈദികരുടെയും സന്യസ്തരുടെയും സംഗമം - "ഫിദേയി കമ്യൂണിത്താസ്' സംഘടിപ്പിച്ചു.
വൈദികരുടെയും സന്യസ്തരുടെയും മാതാപിതാക്കളിൽ പലരും സംഗമത്തിന് സാക്ഷ്യം വഹിക്കാനെത്തി. സംഗമത്തോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലിയിൽ കോഴിക്കോട് ആർച്ച്ബിഷപ്പും ഇടവകാംഗവുമായ ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു.
പൊതുസമ്മേളനം ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ ലെയോ മാർപാപ്പയിൽ നിന്നും പാലിയം സ്വീകരിച്ച ഡോ. വർഗീസ് ചക്കാലക്കലിനെ ആദരിച്ചു. മുൻ വികാരി ഫാ. ഫ്രാൻസിസ് കൊയ്ക്കാരപറമ്പിൽ, സിസ്റ്റർ ഡെയ്നി, സി.ഒ. ജോസ് എന്നിവർ ആശംസകൾ നേർന്നു.
ഇൻഡ്യൻ നേവിയിൽ ചേർന്ന ഇടവകാംഗം ഏമിയബിളിനെ ആർച്ച്ബിഷപ് യോഗത്തിൽ ആദരിച്ചു. ശതാബ്ദിയുടെ ഭാഗമായി 100 രോഗികൾക്ക് ചികിത്സാസഹായം നൽകുന്ന പദ്ധതിയുടെ പ്രാരംഭമായി 20 പേർക്കുള്ള തുകയുടെ ചെക്ക് ഭാരവാഹികളിൽനിന്നും ആർച്ച്ബിഷപ് സ്വീകരിച്ചു.
പാരമ്പര്യ കലകളായ മാർഗംകളി, ചവിട്ടുനാടകം എന്നിവയുടെ അവതരണം ഉണ്ടായി.