നഗരസഭയിലെ ഹില്‍പാര്‍ക്കില്‍ ബയോമൈനിംഗ് ആരംഭിച്ചു
1591447
Sunday, September 14, 2025 1:15 AM IST
ഇരിങ്ങാലക്കുട: നഗരസഭയിലെ 32-ാം വാര്‍ഡിലെ ഹില്‍പാര്‍ക്കില്‍ ബയോ മൈനിംഗ് ആരംഭിച്ചു. വര്‍ഷങ്ങളായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ലെഗസി മാലിന്യങ്ങള്‍ സ്വച്ച് ഭാരത് മിഷന് (അര്‍ബന്‍) 2.0യില്‍ ഉള്‍പ്പെടുത്തി ബയോമൈനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധതരത്തിലുള്ള അജൈവമാലിന്യങ്ങളെ വേര്‍തിരിച്ച് പുനഃചക്രമണത്തിന് വിധേയമാക്കുകയും 100ശതമാനം മാലിന്യമുക്തമാക്കി സ്ഥലം ഉപയോഗയോഗ്യമാക്കി തിരിച്ചെടുക്കുകയുമാണ് പ്രവൃത്തികൊണ്ട് ലക്ഷ്യം വക്കുന്നത്.
ഒരുകോടി എട്ടുലക്ഷം രൂപയാണ് അടങ്കല്‍ തുകയായി കണക്കാക്കിയിട്ടുള്ളത്. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി അബിന്‍ വെള്ളാനിക്കാരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭയുടെ പ്രതിപക്ഷ നേതാവും കൗണ്‍സിലറുമായ കെ.ആര്. വിജയ, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി, നഗരസഭാ സെക്രട്ടറി എം. ഷാജിക്ക്, തൃശൂര്‍ ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ രജനീഷ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ സന്തോഷ്കുമാര്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.