ഗുരുവായൂർ ക്ഷേത്രസന്നിധി ആഘോഷത്തിമർപ്പിൽ
1591453
Sunday, September 14, 2025 1:15 AM IST
ഗുരുവായൂര്‍: ഉണ്ണിക്കണ്ണന്റെ പിറന്നാൾദിനമായ ഇന്ന് ക്ഷേത്രസന്നിധി ആഘോഷത്തിമർപ്പിലാണ്. അഷ്ടമിരോഹിണിക്ക് ദർശനത്തിനും പിറന്നാൾസദ്യയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരുനോക്കുകണ്ട് അനുഗ്രഹംവാങ്ങാൻ പതിനായിരങ്ങളാണ് ക്ഷേത്രസന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങളുമുണ്ടാകും.
ക്ഷേത്രത്തില്‍ രാവിലേയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ട്. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും ഉച്ചതിരിഞ്ഞ് വൈക്കം ചന്ദ്രൻമാരാരുട പഞ്ചവാദ്യവും അകമ്പടിയാവും. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യം അകമ്പടിയാവും.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിഭവസമൃദ്ധമായ പിറന്നാള്‍സദ്യയും നല്‍കും. 40,000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ഒൻപതുമുതൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷമി ഹാളിലും തെക്കുഭാഗത്തെ ശ്രീഗുരുവായുരപ്പൻ ഓഡിറ്റോറിയത്തിലുമാണ് സദ്യ നല്‍കുക. ഉച്ചയ്ക്ക് രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്ക് സദ്യ നൽകും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പ്രഭാഷണമുണ്ടാവും. വൈകിട്ട് അഞ്ചിന് സാംസ്കാരികസമ്മേളനത്തില്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും. രാത്രി കൃഷ്ണനാട്ടത്തിലെ അവതാരം കളിയും അരങ്ങേറും.
രാവിലെ ഒൻപതിന് നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്നു ആരംഭിക്കും. ഘോഷയാത്ര ഉച്ചയ്ക്ക് 12ന് കിഴക്കേനടയിൽ സമാപിക്കും. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ആഘോഷം രാവിലെ ഒമ്പതിന് പെരുന്തട്ട ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. തുടർന്ന് പിറന്നാൾ സദ്യയുമുണ്ട്. നെന്മിനി ബലരാമക്ഷേത്രത്തിന്റെ ഘോഷയാത്ര രാവിലെ ഒമ്പതിന് നെന്മിനിയിൽനിന്ന് ആരംഭിച്ച് 10.30ന് കിഴക്കേനടയിലെത്തും.
ബാലഗോകുലത്തിന്റെ ഘോഷയാത്ര ഉച്ചകഴിഞ്ഞ് തിരുവെങ്കിടം ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തിച്ചേരും. സുരക്ഷാക്രമീകരണങ്ങൾക്കായി കൂടുതൽ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
ശ്രീലകം നെയ്യപ്പംകൊണ്ട് നിറയും
ഗുരുവായൂര്‍: അഷ്ടമിരോഹിണിയുടെ പ്രധാനവഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. 7,25,760 രൂപക്കുള്ള അപ്പമാണ് തയ്യാറാക്കുന്നത്.
48,834 നെയ്യപ്പമാണ് അത്താഴപ്പൂജക്ക് ഗുരുവായൂരപ്പന് നിവേദിക്കുക.പുലര്‍ച്ചെ മുതല്‍ പത്തുകാര്‍ വാര്യന്മാര് ഉരലില്‍ ഇടിച്ച്നല്കുന്ന അരിപ്പൊടി ഉപയോഗിച്ച് രാവിലെ ഏഴുമുതല്‍ അപ്പം തയ്യാറാക്കി തുടങ്ങും. അരിപ്പൊടിയും, നേന്ത്രപ്പഴവും, ശര്‍ക്കരയും, ചുക്കും, ജീരകവും ചേര്‍ത്താണ് കീഴ്ശാന്തി നമ്പൂതിരിമാര്‍ നറുനെയ്യുപയോഗിച്ച് അപ്പം തയ്യാറാക്കുന്നത്.
രാത്രി അത്താഴപ്പൂജയ്ക്ക് ശേഷം അപ്പം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. 8,08000 രൂപയൂടെ പാല്‍പ്പായസവും നാളെ ഗുരുവായൂരപ്പന് നിവേദിക്കും.
ഗതാഗത ക്രമീകരണങ്ങൾ
ഗുരുവായൂര്‍: അഷ്ടമിരോഹിണിയുടെ തിരക്ക് കണക്കിലെടുത്ത് ഇന്നുരാവിലെ ഒമ്പതുമുതല്‍ ഗുരുവായൂരില്‍ ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ഔട്ടര്‍-ഇന്നര്‍ റോഡുകളില്‍ പൂര്‍ണമായും വണ്‍വേ ആയിരിക്കും.തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മഞ്ജുളാല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പോകണം.
കുന്നംകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ചൂല്പ്പുറത്തു നിന്ന് തിരിഞ്ഞ് പോലീസ് സ്റ്റേഷന് റോഡ് വഴി മാവിന് ചുവടിലെത്തി ഗുരുവായൂരിലേക്ക് പ്രവേശിക്കണം.
പാവറട്ടി ഭാഗത്തുനിന്നുള്ള ഹെവി വാഹനങ്ങള്‍ക്ക് ഗുരുവായൂരിലേക്ക് പ്രവേശനമുണ്ടാകില്ല. പഞ്ചാരമുക്കില്‍ നിന്ന് ചാവക്കാട്ടേയ്ക്ക് പോകണം.
ഗുരുവായൂരിലെത്തുന്ന വാഹനങ്ങള്‍ പരമാവധി ഔട്ടര്‍ റിംഗ് റോഡിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തണം. ഔട്ടര്‍-ഇന്നര്‍ റിംഗ് റോഡുകളിലായി 12 പാര്‍ക്കിംഗ് കേന്ദ്രങ്ങളാണുള്ളത്.