കാട്ടാനകളെ തുരത്താൻ ‘എലിഫന്റ് അലാം’
1591440
Sunday, September 14, 2025 1:15 AM IST
ചേലക്കര: കാട്ടാനകളെ തുരത്താൻ എലിഫന്റ് അലാം സ്ഥാപിച്ചു. ചേലക്കര മണ്ഡലത്തിലെ വനമേഖലയുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് എലിഫന്റ് അലാം സ്ഥാപിച്ചത്.
ആനയിറങ്ങുന്ന ജനവാസ മേഖലകളായ മുള്ളൂർക്കര പഞ്ചായത്തിലെ ഇന്ദിരാജി നഗർ, മുക്കിലക്കാട്, നായാടി നഗർ, പാഞ്ഞാൾ പഞ്ചായത്തിലെ ചെറങ്കോണം, ഒലിപ്പാറ, ചേലക്കര പഞ്ചായത്തിലെ തോന്നൂർക്കര പടിഞ്ഞാറ്റുമുറി, മാട്ടുങ്ങൽ, തോട്ടേക്കോട് അങ്കണവാടിക്ക് സമീപം, പഴയന്നൂർ പഞ്ചായത്തിലെ തിരുമണി വെള്ളടി പ്രദേശം, മണ്ണാത്തിപ്പാറ താണിക്കുണ്ട് പ്രദേശം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അലാം സ്ഥാപിച്ചിട്ടുള്ളത്. അലാമിന് സമീപപ്രദേശത്ത് ആനയെത്തിയാൽ സെൻസറിന്റെ സഹായത്തോടെ പ്രത്യേകതരം ശബ്ദവും വെളിച്ചവുമുണ്ടാക്കും. സോളാർ സിസ്റ്റത്തിലാണ് അലാം പ്രവർത്തിക്കുക.
ജനകീയ പങ്കാളിത്തത്തിലൂടെ സ്ഥാപിച്ച അലാമിന്റെ ഉദ്ഘാടനം ഇന്ദിരാജി നഗർ വനാതിർത്തിയിൽ യു.ആർ. പ്രദീപ് എംഎൽഎ നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് പദ്മജ, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, മുള്ളൂർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ശശികല സുബ്രഹ്മണ്യൻ, വി.കെ. നമ്മല, സുജാത അജയൻ, ഷാബിയ അമീർ തുടങ്ങിയവർ പങ്കെടുത്തു.