ഹരിത കേരള മിഷൻ ജില്ലയിലെ മികച്ച കാവിനുള്ള പുരസ്കാരം ശംഖുകുളങ്ങര കാവിന്
1591693
Monday, September 15, 2025 1:10 AM IST
ശ്രീനാരായണപുരം: ഹരിത കേരള മിഷൻ പ്രഖ്യാപിച്ച ജില്ലയിലെ മികച്ച പച്ചത്തുരുത്ത് കാവിനുള്ള പുരസ്കാരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ശംഖുകുളങ്ങര കാവ് പച്ചത്തുരുത്തിനു ലഭിച്ചു. മികച്ച പച്ചത്തുരത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നാളെ തിരുവനന്തപുരം ടാഗോർ ഹാളിൽ പ്രസിഡന്റ്് എം.എസ്. മോഹനൻ ഏറ്റുവാങ്ങും. കഴക്കൂട്ട് കുടുംബട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ ഭൂമിയിലാണ് കാവ് നിൽക്കുന്നത്.
2019-20 വർഷത്തിൽ കേരള സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ് നടപ്പാക്കിയ കാവുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ഒരു ലക്ഷത്തി അയ്യായിരം രൂപ ചെലവഴിച്ചാണ് ശംഖുകുളങ്ങര കാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് നടത്തിയത്. പ്രാദേശിക ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോ ടെയാണ് ശംഖുകുളങ്ങരകാവ് പച്ചത്തുരുത്തിന്റെ പഠനം ഡോ. അമിത ബച്ചന്റെ നേതൃത്വത്തിൽ നടത്തിയത്.
179 തരം പുഷ്പ സസ്യങ്ങൾ, 54 തരം ഔഷധസസ്യങ്ങൾ, 132 തരം പക്ഷികൾ,54 തരം ഔഷധസസ്യങ്ങൾ, 42 വിഭാഗം ചിത്രശലഭങ്ങൾ, 31 വിഭാഗം പൂമ്പാറ്റകൾ എന്നിവയും കരിമ്പൂതാൻ, കുളവ്, കമ്പകം, അശോകം തുടങ്ങിയ വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം സസ്യങ്ങളും ശംഖുകുളങ്ങര കാവ് പച്ചത്തുരുത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. കാവിൽ നിന്നും ശേഖരിച്ച് വിത്തുകൾ നഴ്സറിയിൽ വച്ചുമുളപ്പിച്ച് കാവിനകത്ത് നട്ടുവളർത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തിയാണ് പച്ചത്തുരുത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി 33 കാവുകളെ കൂടി സർവേയിൽ കണ്ടെത്തിയിരുനു.
കാവിലെ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും അടിക്കാടുകളിൽ ഇല്ലാതാകുന്ന അപൂർവയിനം സസ്യങ്ങളെ സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും കാലാവസ്ഥാവ്യതിയാനം കാരണം വൻമരങ്ങൾ കടപുഴകി വീഴുന്നതു തടയുന്നതിനും പുതിയ ചെടികൾ വച്ചുപിടിപ്പിക്കുന്നതിനും പച്ചത്തുരുത്ത് പുനസ്ഥാപനത്തിലൂടെ സാധിച്ചു.
കേരള ബയോഡൈവേഴ്സിറ്റി ബോർഡ്, ഹരിത കേരള മിഷൻ, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമപഞ്ചായത്ത് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ സഹായസഹകരണത്തോടെയാ ണ് പച്ചത്തുരുത്ത് വ്യാപനം ജനകീയ സഹകരണത്തോടെ നടത്തിയത്.