കൃഷ്ണഭക്തിയിൽ ആറാടി ശോഭായാത്ര
1591685
Monday, September 15, 2025 1:10 AM IST
തൃശൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചിനു പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽനിന്ന് ആരംഭിച്ച ശോഭായാത്ര കോയന്പത്തൂർ ആര്യവൈദ്യ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ. സി. പത്മജൻ ഉദ്ഘാടനം ചെയ്തു. നഗരാതിർത്തിയിലുള്ള 25 ബാലഗോകുലങ്ങളിൽനിന്ന് 1500 രാധാകൃഷ്ണവേഷങ്ങളണിഞ്ഞ കുട്ടികളും ഭജനസംഘങ്ങൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയും അണിനിരന്നു. ഗോപികാനൃത്തങ്ങളുമുണ്ടായി.
ബാലഗോകുലം ജില്ലാ കാര്യദർശി പി. ഷമ്മി, പ്രീത ചന്ദ്രൻ, വി.എൻ. ഹരി, സി.കെ. മധു എന്നിവർ നേതൃത്വം നൽകി. ഉച്ചകഴിഞ്ഞപ്പോൾ തന്നെ നഗരം കൃഷ്ണമയമായി. അരയിൽ കിങ്ങിണി കെട്ടിയ ബാല്യങ്ങൾ നഗരത്തിലേക്ക് ഒഴുകി. രാധാഗോപികമാർ, കുചേല·ാർ, വിവിധ ദേവസങ്കൽപങ്ങൾ തുടങ്ങിയ വേഷം ധരിച്ച ബാലികാബാല·ാരും നഗരത്തിന്റെ സൗന്ദര്യമായി. ഉറിയടി, രാധാകൃഷ്ണനൃത്തം, ഗോപികാനൃത്തം എന്നിവയും ശോഭായാത്രയ്ക്കൊപ്പമുണ്ടായി. ജില്ലയിൽ 1100 ശോഭായാത്രകളാണ് തൃശൂരിലെ വിവിധ മേഖലകളിൽ അണിനിരന്നത്.