കൃഷ്ണലീലകളിൽ ആറാടി...
1591675
Monday, September 15, 2025 1:10 AM IST
ഗുരുവായൂർ: കണ്ണന്റെ പറന്നാൾസുദിനത്തിൽ ഗുരുപവനപുരിയെ അന്പാടിയാക്കി ക്ഷേത്രസന്നിധിയിലെങ്ങും ഉണ്ണക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞു. കൃഷ്ണലീലകളിൽ നാട് ലയിച്ചു.
ഗുരുവായൂർ നായർസമാജത്തിന്റെ ആഭിമുഖ്യത്തിലെ ആഘോഷപരിപാടികൾ മമ്മിയൂർ ക്ഷേത്രസന്നിധിയിൽ നിന്നാണു തുടങ്ങിയത്. ദേവീദേവന്മാരുടെ തിടന്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പ് മഹാദേവസന്നിധിയിൽ ഒരു മണിക്കൂറോളം നിറഞ്ഞാടി. ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിവസം നായർസമാജത്തിന്റെ നേതൃത്വത്തിലെ ആഘോഷപരിപാടിയിലെ മുഖ്യ ഇനമാണ് ജീവത എഴുന്നള്ളത്ത്. തുടർന്ന് ഗോപികാനൃത്തത്തോട ഉറി അടിച്ചുടച്ചാണ് ഘോഷയാത്ര ആരംഭിച്ചത്.
ദേവീദേവന്മാരുടെ തിടന്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പും, ശ്രീകൃഷ്ണരഥവും, മേളവും ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി. നഗരവീഥികളിൽ അലങ്കരിച്ച് കെട്ടിതൂക്കിയ ഉറികൾ രാധാകൃഷ്ണ വേഷമണിഞ്ഞ കുട്ടികൾ അടിച്ചുടച്ചു. തുടർന്ന് വാശിയേറിയ ഉറിയടിയും ഉണ്ടായി. അപ്പം, അവിൽ തുടങ്ങിയവയാണ് ഉറികളിൽ നിറച്ചിരുന്നത്. ഘോഷയാത്രയിലുടനീളം ഭക്തർക്ക് അപ്പം വിതരണംചെയ്തു. ഘോഷയാത്ര ഗുരുവായൂരപ്പസന്നിധിയിൽ സമാപിച്ചു.
പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ഘോഷയാത്ര പെരുന്തട്ട ക്ഷേത്രസന്നിധിയിയിൽനിന്നാണു തുടങ്ങിയത്. ഉറിയടി, താലം, മേളം, ഗോപികാനൃത്തം എന്നിവ അണിനിരന്ന ഘോഷയാത്ര പടിഞ്ഞാറെ നടവഴി പെരുന്തട്ടയിൽ സമാപിച്ചു. നെൻമിനി ബലരാമക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി. തുടർന്ന് ദേവസംഗമം ഉണ്ടായി.
ബാലഗോകുലത്തിന്റെ ശോഭായാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ഗുരുവായൂരിലെത്തി വടക്കേനടയിൽ സമാപിച്ചു.