ജനപ്രതിനിധികളാകാൻ സ്ത്രീകൾ മുന്നോട്ടുവരണം: മാർ നീലങ്കാവിൽ
1591677
Monday, September 15, 2025 1:10 AM IST
കൊട്ടേക്കാട്: നല്ല കുടുംബങ്ങളെയും നൻമയും കരുത്തുമുള്ള സമൂഹത്തെയും വാർത്തെടുക്കുന്നതിൽ വീട്ടമ്മമാർ വഹിക്കുന്ന പങ്കു വലുതാണെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. ഇടവകയുടെ സഹസ്രാബ്ദ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വനിതാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംരംഭകരും ജനപ്രതിനിധികളുമെല്ലാമായി കൂടുതൽ സ്ത്രീകൾ സമൂഹമധ്യത്തിലേക്കു കടന്നുവരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇടവക ട്രസ്റ്റിമാരായും സമൂഹനേതൃനിരയിലേക്കു വനിതകൾ കടന്നുവരേണ്ടതുണ്ടെന്നു മാർ ടോണി നീലങ്കാവിൽ ചൂണ്ടിക്കാട്ടി.
വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. സഹസ്രാബ്ദ രജതജൂബിലിയുടെ സമാപനസമ്മേളനം ഡിസംബർ ഏഴിനു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സൈബർ ക്രൈം എഎസ്ഐ പി.കെ. പ്രതിഭ, എഡിസണ് ഫ്രാൻസ്, അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ ചുങ്കത്ത്, ജോയിന്റ് ജനറൽ കണ്‍വീനർ സി.എൽ. ഇഗ്നേഷ്യസ്, ട്രസ്റ്റി ഡേവിസ് കാഞ്ഞിരപറന്പിൽ, പ്രോഗ്രാം കണ്‍വീനർമാരും സ്നേഹനിധി, മാതൃവേദി സാരഥികളുമായ റെജി ജോഷി, ജെസി പോൾ എന്നിർ പ്രസംഗിച്ചു.
ഏറ്റവും പ്രായമുള്ള വനിത റീത്ത ആന്റണിയെയും കൂടുതൽ മക്കളുള്ള വനിതകളായ സിൻജു വിനോദ്, റിനു സിന്റോ, റോസ്മിൻ ആന്റോ എന്നിവരെയും ആദരിച്ചു.