ജനവാസമേഖലകളിൽ കാട്ടാനകളിറങ്ങി നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു
1591973
Tuesday, September 16, 2025 1:53 AM IST
വടക്കാഞ്ചേരി: ജനവാസമേഖലകളിൽ കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനകളിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി നഗരസഭയിലെ ചേപ്പലക്കോട് മേഖലയിലാണു കാട്ടാനക്കൂട്ടമിറങ്ങി പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. വീടുകളുടെ സമീപത്തുവരെ ദിവസവും രാത്രി കാട്ടാനകളെത്തുന്നുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. ദിവസവും രാത്രിയെത്തുന്ന കാട്ടാനകൾ വിവിധ കൃഷികളും നശിപ്പിക്കുന്നുണ്ട്.
പുലർച്ചെ റബർ വെട്ടാൻപോലും തൊഴിലാളികൾക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി റബർ മരങ്ങളും പനകളും തെങ്ങുകളുമാണു കുത്തിമറച്ചിട്ടിരിക്കുന്നത്. പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും ബഹളംവച്ചും പഴയ രീതിയിൽ ആനകളെ തുരത്താൻ കഴിയില്ലെന്ന് നാട്ടുകാർപറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ട് കാട്ടാനകളെ ജനവാസമേഖലയിൽനിന്നും അകറ്റണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.