അന്നമനട പഞ്ചായത്തിനുമുന്നിൽ യുഡിഎഫിന്റെ കുത്തിയിരിപ്പുസമരം
1591960
Tuesday, September 16, 2025 1:53 AM IST
അന്നമനട: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അന്നമനട പഞ്ചായത്ത് കാര്യാലയത്തിനുമുന്നിൽ യുഡിഎഫ് അംഗങ്ങളുടെ കുത്തിയിരിപ്പുസമരം.
ജലനിധിക്ക് കുടിശികയുള്ള പണം അടയ്ക്കാത്തതുമൂലം കഴിഞ്ഞ നാലുദിവസമായി അന്നമനടയിൽ ശുദ്ധജലവിതരണം തടസപ്പെട്ടിരിക്കുകയാണെന്നും വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും യുഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. രവിനമ്പൂതിരി മുന്നറിയിപ്പുനൽകി.
പഞ്ചായത്തിന്റെ പ്രവർത്തനം നിഷ്ക്രിയമാണെന്നും ജനകീയ വിഷയങ്ങളിൽ ഇടപെടാതെ പഞ്ചായത്ത് പ്രസിഡന്റും മറ്റും അവാർഡുകൾക്കുവേണ്ടി തിരക്കഥകൾ തയാറാക്കാനുള്ള തിരക്കിലാണെന്നും യുഡിഎഫ് അംഗങ്ങൾ പരിഹസിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. ഇക്ബാൽ, ടെസി ടൈറ്റസ്, സി.കെ. ഷിജു, ലളിത ദിവാകരൻ, ആനി ആന്റു, സുനിത സജീവൻ എന്നിവർ പ്രസംഗിച്ചു.