മുഖംമൂടി ധരിച്ച് പ്രതിഷേധിച്ചു
1591969
Tuesday, September 16, 2025 1:53 AM IST
തൃശൂർ: കെഎസ്യു നേതാക്കളെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ചു കോടതിയിൽ ഹാജരാക്കിയതിൽ കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ മുഖംമൂടി ധരിച്ചു കൗണ്‍സിലിൽ പ്രതിഷേധിച്ചു.
പ്രതിപക്ഷ കൗണ്‍സിലർമാർ വരില്ലെന്ന് അറിഞ്ഞിട്ടും ബിനി ടൂറിസ്റ്റ് ഹോമിൽ കോർപറേഷൻ ഓണസദ്യ നടത്തിയത് അവഹേളനമാണ്. കോർപറേഷൻ ഉദ്യോഗസ്ഥരിൽനിന്ന് 400 രൂപവച്ചും ശുചീകരണതൊഴിലാളികളിൽനിന്ന് 200 രൂപവച്ചും ഓണസദ്യക്കു പിരിവു നടത്തി.
പങ്കെടുത്ത ഉദ്യോഗസ്ഥർക്കുപോലും ഭക്ഷണം കിട്ടാതെ വലഞ്ഞെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അമൃത് വാട്ടർ എഫിഷ്യന്റ് പദ്ധതിയുടെ ഉദ്ഘാടനത്തിനു പത്തുലക്ഷം ചെലവുണ്ടായെന്ന അജൻഡയിൽ വോട്ടിംഗ് ആവശ്യപ്പെട്ടതോടെ മാറ്റിവച്ചു.
കോർപറേഷൻ വൈദ്യുതി ജീവനക്കാരുടെ എണ്ണം 229ൽനിന്നു 103 ആയി ഉത്തരവിറക്കിയതിൽ എൽഡിഎഫ് സർക്കാരും കോർപറേഷൻ ഭരണസമിതിയും തമ്മിൽ ഗൂഢാലോചനയുണ്ടെന്നും വൈദ്യുതിവിഭാഗം കൈമാറാനുള്ള രഹസ്യനീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
ഉപനേതാവ് ഇ.വി. സുനിൽരാജ്, ജോണ്‍ ഡാനിയൽ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറന്പിൽ, ലാലി ജെയിംസ്, കെ. രാമനാഥൻ, ആൻസി ജേക്കബ്, വിനേഷ് തയ്യിൽ, മേഫി ഡെൽസണ്‍, എബി വർഗീസ്, സനോജ് പോൾ എന്നിവർ സംസാരിച്ചു.