അങ്കണവാടിക്കരികെ ഭീഷണിയുയര്‍ത്തി കൂറ്റന്‍ മരം
1591966
Tuesday, September 16, 2025 1:53 AM IST
കൊടകര: അങ്കണവാടിക്കുസമീപം നില്ക്കുന്ന കൂറ്റന്‍ മരം അപകടഭീഷണിയുയര്‍ത്തുന്നു. മരം മുറിച്ചുനീക്കി കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും ആവശ്യത്തിനുനേരേ അധികൃതര്‍ മുഖംതിരിക്കുകയാണന്ന് ആക്ഷേപമുയരുന്നു.
കൊടകര പഞ്ചായത്തിലെ പേരാമ്പ്ര - കനകമല റോഡില്‍ ചിറക്കഴയിലാണ് അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ തണല്മരമുള്ളത്. വനിതാശിശുവികസനവകുപ്പിനുകീഴില് പ്രവര്‍ത്തിക്കുന്ന 15-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് പത്തടിയോളംമാത്രം അകലെയാണ് വര്‍ഷങ്ങളുടെ വളര്‍ച്ചയുള്ള വലിയ വാകമരം.
ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അങ്കണവാടിയിലെ ജീവനക്കാരുടേയും രക്ഷിതാക്കളുടേയും ഉള്ളില്‍ ആധിയാണ്. കാറ്റില്‍ മരം കടപുഴകുകയോ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുകയുകയോ ചെയ്താല്‍ വലിയ ദുരന്തമാണ് സംഭവിക്കുക. മരം മുറിച്ചുനീക്കുകയോ, ശിഖരങ്ങള്‍ വെട്ടിനീക്കുകയോ ചെയ്യണമെന്ന് വര്‍ഷങ്ങളായി രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ ഓരത്തുള്ള ഈ വലിയ മരം യാത്രക്കാരുടെ ജീവനും ഭീഷണിയാണ്. 11 കെവി ലൈനുകളുെ ഈ മരത്തിനുചുവട്ടിലൂടെയാണ് വലിച്ചിട്ടുള്ളത്.