കേരള പോലീസ് മാറണമെങ്കിൽ കേരളരാഷ്ട്രീയം മാറണം: ശോഭ സുരേന്ദ്രൻ
1591970
Tuesday, September 16, 2025 1:53 AM IST
തൃശൂർ: കേരള പോലീസ് മാറണമെങ്കിൽ കേരളരാഷ്ട്രീയം മാറണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. പിണറായിഭരണത്തിലെ പോലീസ് ക്രൂരതയും അനാസ്ഥയും അവസാനിപ്പിക്കുക, വികസിതകേരളത്തിനായി ആധുനിക ജനസൗഹൃദസേനയായി കേരള പോലീസിനെ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്കു നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരള പോലീസ് എത്രമാത്രം ക്രിമിനൽവത്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണു സമീപകാലത്തു പുറത്തുവന്ന പോലീസ് ക്രൂരതകളുടെ വാർത്തകൾ. ക്രമസമാധാനപാലനത്തിലും പോലീസിലുമുള്ള ജനത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടു. കേരള പോലീസ് മാറിയേ തീരൂ, അതിനു കേരളത്തിന്റെ രാഷ്ട്രീയത്തിലും മാറ്റമുണ്ടാകണം. അതു ബിജെപിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറിമാരായ സേവ്യർ പള്ളൻ, രവികുമാർ ഉപ്പത്ത്, സംസ്ഥാനസമിതി അംഗം സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, അഡ്വ. കെ.ആർ. ഹരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. വി. ആതിര, സുധീഷ് മേനോത്തുപറന്പിൽ, സൗമ്യ സലേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിമാരായ പ്രവീണ്, മുരളി കൊളങ്ങാട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, മണ്ഡലം പ്രസിഡന്റുമാരായ വിബിൻ ഐനിക്കുന്നത്ത്, അശ്വിൻ വാര്യർ എന്നിവർ നേതൃത്വം നൽകി.
പോലീസ് മാർച്ച് തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾക്കു മുകളിലൂടെ മറികടക്കാൻ ശ്രമിച്ചതു നേരിയ സംഘർഷത്തിനിടയാക്കി.