‘സഹകരണസംഘങ്ങളിലെ സ്വര്ണവായ്പാചട്ടങ്ങള് സ്വകാര്യധനകാര്യ സ്ഥാപനങ്ങളിലേതുപോലെയാക്കണം’
1591963
Tuesday, September 16, 2025 1:53 AM IST
വെള്ളിക്കുളങ്ങര: സഹകരണസംഘങ്ങളുടെ സ്വര്‍ണവായ്പയുമായി ബന്ധപ്പട്ട നിയമങ്ങളും ചട്ടങ്ങളും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലേതുപോലെ സുതാര്യമാക്കണമെന്ന് മറ്റത്തൂര്‍ വെള്ളിക്കുളങ്ങര മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘത്തിന്റെ പതിനാലാമത് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
നിലവിലുള്ള നിയമപ്രകാരം സഹകരണസംഘങ്ങളുടെ കൈവശമുള്ള അധിക നിക്ഷേപങ്ങള്‍ പൂര്‍ണമായും കേരള ബാങ്കിലാണ് നിക്ഷേപിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ അധിക കുടിശികയുടെ പേരിലോ, ബാങ്ക് കൂടുതല്‍ നഷ്ടത്തിലാവുന്ന സാഹചര്യത്തിലോ കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ കര്‍ശനനിയന്ത്രണം ഉണ്ടായാല്‍ സഹകരണസംഘങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടാത്ത സാഹചര്യം വരുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇത് ഒഴിവാക്കാനായി സംഘങ്ങളുടെ പക്കലുള്ള അധികനിക്ഷേപങ്ങള് വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നതിന് അനുമതി നല്‍കണം. അല്ലാത്തപക്ഷം കേരള ബാങ്കിലെ മുഴുവന്‍ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ പരിപൂര്‍ണ ഗ്യാരണ്ടി നല്‍കുകയും സംഘങ്ങളില്കൂടി സ്വര്‍ണപണയ പലിശയ്ക്കുള്ള ചട്ടങ്ങളും ഉപനിബന്ധനകളും സ്വകാര്യ സ്ഥാപനങ്ങളിലേതു പോലെ സുതാര്യമാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഗോപാലകൃഷ്ണന് മാടപ്പാട്ട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വിജയന് വെട്ടിയാട്ടില്‍, ഓനച്ചന് നിരിപ്പിലാവുങ്കല്, ശിവരാമന് പോതിയില്‍, എം.പി. ദേവസി, ജോഷി മഞ്ഞളി, സി.പി. അമ്മിണി, സൗമി സണ്ണി, ലിഷ ഉണ്ണികൃഷ്ണന്, സെക്രട്ടറി സ്മിത ഷാജു എന്നിവര്‍ സംസാരിച്ചു.