കൂടല്‍മാണിക്യം കഴകനിയമനം: ഭരണസമിതി തീരുമാനം അപലപനീയം- വാര്യര്‍ സമാജം
1592403
Wednesday, September 17, 2025 8:08 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകനിയമനം വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്കു തല്‍സ്ഥിതി തുടരാന്‍ കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിക്കു ബാധ്യതയുണ്ടെന്നും നിയമവ്യവസ്ഥയെയും കോടതികളെയും വെല്ലുവിളിച്ചുകൊണ്ട് ആചാരങ്ങളില്‍ കൈകടത്താന്‍ ഭരണസമിതി മുതിരുന്നതു പ്രതിഷേധാര്‍ഹമാണെന്നും സമസ്തകേരള വാര്യർ സമാജം.
ഹൈക്കോടതിയുടെ നിര്‍ദേശങ്ങളെ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചുകൊണ്ട് ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തി, ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ അവസാനവാക്കായ തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന നടപടികള്‍ തികച്ചും അപലനീയവും പ്രതിഷേധാര്‍ഹവുമാണ്.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കാരായ്മ കഴകപ്രവൃത്തി കുടുംബാംഗമായ തെക്കേവാരിയത്തെ ടി.വി. ഹരികൃഷ്ണനു കാരായ്മ കഴകം നിലനിര്ത്തിക്കിട്ടുന്നതിനു കോടതിയെ സമീപിക്കുന്നതിനു പൂര്‍ണപിന്തുണ നല്‍കുന്നതിനും വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.വി. രുദ്രന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അച്യുതന്, വി.വി. ഗിരീശന്, എ.സി. സുരേഷ്, എസ്. കൃഷ്ണകുമാര്‍, ടി. രാമന്‍കുട്ടി, കെ.വി. രാജീവ് വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴകം നിയമനം: അഭിനന്ദിച്ച് മന്ത്രി ആർ. ബിന്ദു
തൃശൂർ: കൂടൽമാണിക്യം ദേവസ്വം കഴകക്കാരനായി കെ.എസ്. അനുരാഗിനെ നിയമിക്കാൻ നടപടിയെടുത്ത ക്ഷേത്രം ഭരണസമിതിയെ അഭിനന്ദിച്ച് മന്ത്രി ഡോ. ആർ. ബിന്ദു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയുള്ള നിയമനത്തിൽ കോടതിയുടെ ഇടപെടൽ ഭരണഘടനയുടെ ഊർജസ്രോതസായ സാമൂഹികനീതിയും സമഭാവനയും ഉയർത്തിപ്പിടിക്കുന്നു.
വിയോജിപ്പ് രേഖപ്പെടുത്തി ക്ഷേത്രം തന്ത്രിമാർ ക്ഷേത്രം ഭരണസമിതിക്കു കത്തു നൽകിയെന്നതു ഖേദകരമാണ്. പരന്പരാഗത കുലത്തൊഴിലുകൾ സംബന്ധിച്ചുള്ള ചാതുർവർണ്യ ആശയങ്ങൾ കാലഹരണപ്പെട്ടതാണ്. ആധുനിക ജനാധിപത്യസമൂഹത്തിനു ചേരാത്ത അത്തരം ആശയങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.