നാലാം ചൊവ്വാഴ്ചാചരണം ഭക്തിനിർഭരമായി
1592381
Wednesday, September 17, 2025 7:57 AM IST
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനു പ്രാരംഭമായുള്ള നാലാം ചൊവ്വാഴ്ചാചരണം വിവിധ പരിപാടികളോടെ നടന്നു.
രാവിലെ നടന്ന ദൂതപാത, ലദിഞ്ഞ്, ആഘോഷമായ വിശുദ്ധകുർബാന, സന്ദേശം നൽകൽ, നൊവേന, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം എന്നിവയ്ക്ക് ആഗ്ര ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളി മുഖ്യകാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ. വർഗീസ് കുത്തൂർ, ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളി എന്നിവർ സഹകാർമികരായി.
ആർച്ച്ബിഷപ്പിനെ വികാരി, അസിസ്റ്റന്റ് വികാരി, ട്രസ്റ്റിമാരായ ആന്റണി ജോർജ് അക്കര, ഷാജു പടിക്കല, ജോഫി ചിറമ്മൽ, ജെയ്സണ് പ്ലാക്കൽ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്നു സ്വീകരിച്ചു.
ലെയോ പതിനാലാമൻ മാർപാപ്പ പുനഃസംഘടിപ്പിച്ച അന്തർദേശീയ മതാന്തരസംവാദസമിതിയിലെ ഇന്ത്യയിൽനിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ആർച്ച്ബിഷപ്പിന് പള്ളി പ്രത്യേക അനുമോദനവും നൽകി. നേർച്ചഭക്ഷണവിതരണം, രാവിലെ 6.30 നും 7.30 നും തിരുക്കർമങ്ങൾ എന്നിവ ഉണ്ടായിരുന്നു. രാത്രി ഏഴിനു നടന്ന തിരുക്കർമങ്ങൾക്കു ഫാ. ജിൻസണ് ചിരിയങ്കണ്ടത്ത് കാർമികത്വം വഹിച്ചു.