ഡിസംബറിനകം തൃശൂർ-കുറ്റിപ്പുറം റോഡ് പണികൾ പൂർത്തിയാക്കണമെന്നു കളക്ടർ
1592400
Wednesday, September 17, 2025 8:08 AM IST
തൃശൂർ: ഡിസംബറിനകം തൃശൂർ-കുറ്റിപ്പുറം റോഡിന്റെ പണികൾ പൂർത്തിയാക്കണമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ജില്ലയിലെ കെഎസ്ടിപി റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന തൃശൂർ-കുറ്റിപ്പുറം, കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
തൃശൂർ-കുറ്റിപ്പുറം, കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ് നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തടസങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കണമെന്നും കളക്ടർ പറഞ്ഞു. പുഴയ്ക്കൽ പാലത്തിന്റെ പണികൾ19നു പൂർത്തിയാക്കി ഒക്ടോബർ ഒന്പതിനു ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കളക്ടർ അറിയിച്ചു.
തൃശൂർ ശോഭ സിറ്റിക്കു സമീപമുള്ള മൈനർ ബ്രിഡ്ജിന്റെ ഇടതുഭാഗം പൊളിക്കാനുള്ള തീരുമാനം സബ് കമ്മിറ്റി ചേർന്നെടുക്കണമെന്നും അശ്വനി ജംഗ്ഷനു സമീപത്തുള്ള വാട്ടർ ലീക്കേജ് പ്രശ്നത്തിനു കോർപറേഷൻ ഉടൻ പരിഹാരം കാണണമെന്നും കളക്ടർ നിർദേശിച്ചു.
വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ പൈപ്പിടൽ പൂർത്തിയായ ഭാഗത്തു പ്രഷർ ടെസ്റ്റും ഇന്റർലിങ്കിംഗും വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്കു നിർദേശം നൽകി. ട്രാഫിക് ക്രമീകരണങ്ങളും മറ്റു സാങ്കേതികതടസങ്ങളും പരിഹരിക്കുന്നതിനായി സബ് കമ്മിറ്റി യഥാസമയങ്ങളിൽ ചേർന്ന് നടപടികൾ സ്വീകരിക്കണം.
കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.