കുട്ടികളുടെ സുരക്ഷ; സേഫ് തൃശൂർ പദ്ധതി തുടങ്ങി
1592397
Wednesday, September 17, 2025 8:02 AM IST
തൃശൂർ: കുട്ടികളുടെ സുരക്ഷയും സമഗ്രവികസനവും ലക്ഷ്യമിട്ടു നടപ്പാക്കുന്ന "സേഫ് തൃശൂർ' പദ്ധതിക്കു തുടക്കമായി. ജില്ലയിൽ സർവേ നടത്തി പത്തു ഗ്രാമപഞ്ചായത്തുകളിലാണ് സേഫ് തൃശൂർ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
ചേലക്കര, പാണഞ്ചേരി, അതിരപ്പിള്ളി, വരന്തരപ്പിള്ളി, അന്നമനട, കയ്പമംഗലം, കാടുകുറ്റി, പുന്നയൂർ, എറിയാട്, വള്ളത്തോൾനഗർ എന്നിവിടങ്ങളിലാണ് ഈ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. തുടർന്ന് ജില്ലയിലെ മറ്റു പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ബാലസുരക്ഷിതകേരളം പദ്ധതിയുടെ ഭാഗമായാണ് സേഫ് തൃശൂർ പ്രോജക്ട് നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള സ്റ്റേക്ക് ഹോൾഡേഴ്സ് ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ മുഖ്യാതിഥിയായിരുന്നു. ഇൻസൈറ്റ് തിരുവനന്തപുരം "വൾണറബിലിറ്റി സ്റ്റാറ്റസ് റിപ്പോർട്ട്' അവതരിപ്പിച്ചു. ജനപ്രതിനിധികൾ, സ്കൂൾ കൗണ്‍സിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്നുള്ള ഗ്രൂപ്പ് ചർച്ചയും അവതരണവും ശില്പശാലയുടെ ഭാഗമായി നടന്നു.