മുക്കുപണ്ടം പണയംവച്ച് അഞ്ചരലക്ഷം തട്ടി; ദന്പതികളടക്കം ആറുപേർ അറസ്റ്റിൽ
1592502
Thursday, September 18, 2025 1:16 AM IST
പുന്നയൂർക്കുളം: അകലാട് മൂന്നയിനിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ദന്പതികൾ ഉൾപ്പെടെ ആറുപേർ റിമാൻഡിൽ.
പുന്നയൂർ അകലാട് താഴത്ത് ഹംസക്കുട്ടി(42), ഭാര്യ ഷജീന(36), അകലാട് മുള്ളത്ത് കബീർ (43), രാമി മുഹമ്മദ് ഹനീഫ(39), ചെറുനന്പി ഇർഫാദ്(32), ചാലിൽ അഫ്സൽ(35) എന്നിവരെയാണ് വടക്കേക്കാട് എസ്എച്ച്ഒ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി മൂന്നയിനി ചാലിൽ ഇഷാഖ് ഒളിവിലാണ്.
ജൂലൈ നാലു മുതൽ ഓഗസ്റ്റ് 13 വരെയുള്ള ദിവസങ്ങളിലായി പ്രതികൾ മാറിമാറി മുക്കുവളകൾ പണയം നൽകി 5,58,700 രൂപ തട്ടിയെടുക്കുകയായിരുന്നു. ഒളിവിലുള്ള ഇഷാഖാണു മുക്കുവളകൾ പ്രതികൾക്കു നൽകിയത്.
ഇവര് നേരത്തെ സ്വർണം പണയംവച്ചതിനാൽ സ്ഥാപന ജീവനക്കാർക്ക് ഇടപാടിൽ സംശയം തോന്നിയില്ല. 916 ഹാൾമാർക്ക് രേഖപ്പെടുത്തിയതായിരുന്നു വളകൾ. ഒടുവിൽ ഹംസക്കുട്ടി പണയംവയ്ക്കാൻ വള നൽകിയപ്പോൾ സംശയംതോന്നി പരിശോധിച്ചപ്പോഴാണ് ആറംഗസംഘം പലപ്പോഴായി പണയപ്പെടുത്തിയതു മുക്കുപണ്ടമാണെന്ന് അറിഞ്ഞത്.
ഇവർ മറ്റു ധനകാര്യസ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
എസ്ഐമാരായ പി.പി. ബാബു, പി.എ. സുധീർ, സി. ബിന്ദുരാജ്, സി.എൻ. ഗോപിനാഥൻ, എഎസ്ഐ ടി.കെ. ഷാജു, രജനീഷ്, രോഷ്നി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.