വിജയരാഘവപുരം പുറമ്പോക്ക് പട്ടയവിതരണം ഉടൻ: മന്ത്രി
1592494
Thursday, September 18, 2025 1:16 AM IST
ചാലക്കുടി: നഗരസഭ വിജയരാഘവപുരം പുറമ്പോക്കിലെ അപേക്ഷകർക്കുള്ള പട്ടയവിതരണം ഉടൻ നടത്തുമെന്ന് റവന്യുമന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.
ദീർഘനാളായി പുറമ്പോക്കിൽ താമസിക്കുന്നവർക്ക് ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾവരുത്തി പട്ടയം അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എംഎൽഎ നടത്തിയ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി. കൊരട്ടി, മേലൂർ ഗ്രാമപഞ്ചായത്തുകളിലെ കന്നുകാലി മേച്ചിൽപ്പുറം പുറമ്പോക്കിലെ താമസക്കാരായ അപേക്ഷകർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും നികുതിയടയ്ക്കുകയും എന്നാൽ പട്ടയരേഖകളോ, പകർപ്പുകളോ കൈവശമില്ലാത്ത കൊടകര നാടുകുന്ന് പ്രദേശത്തെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ രേഖകൾ ഹാജരാക്കേണ്ട ഘട്ടങ്ങളിൽ നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിയ്ക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കനാലുകൾക്കുവേണ്ടി മാറ്റിവച്ച ഭൂമിയിൽ ആവശ്യങ്ങൾ കഴിച്ചുള്ളതിലെ സ്ഥിരതാമസക്കാരായ, അർഹതയുള്ള അപേക്ഷകർക്ക് പട്ടയം നൽകാമെന്നുള്ള നിലപാട് ജലവിഭവവകുപ്പ് അറിയിച്ചതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.