കട്ടവിരിച്ച് റോഡ് മികച്ചതാക്കി; മലിനജലം കെട്ടിക്കിടക്കുന്നതായി നാട്ടുകാർ
1335290
Wednesday, September 13, 2023 1:35 AM IST
മേലൂർ: കട്ട വിരിച്ച് റോഡ് മികച്ചതാക്കി; മലിന ജലം കെട്ടിക്കിടക്കുന്നതായി നാട്ടുകാർ. മേലൂർ - വെട്ടുകടവ് റോഡിൽ കല്ലുകുത്തി കപ്പേളയ്ക്കു സമീപമാണ് മാസങ്ങൾക്ക് മുൻപ് കട്ട വിരിച്ചത്. ഇതേത്തുടർന്ന് റോഡിന് ഉയരം കൂടുകയും ഇരുവശങ്ങളിലും താഴ്ച രൂപപ്പെടുകയും ചെയ്തത്.
അപകട വളവ് മേഖലയായിട്ടും നാളിതുവരെ താഴ്ന്ന ഭാഗം മണ്ണിട്ട് മൂടുവാനോ കോൺക്രീറ്റ് ചെയ്തു സുരക്ഷ ഉറപ്പാക്കാനോ കഴിഞ്ഞിട്ടില്ലെന്നു പരാതിയുണ്ട്.
പുല്ലുകൾ വളർന്ന് കുഴി മൂടി പ്പോയതോടെ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അപകട സാധ്യത കൂടുതലാണെന്നു യാത്രക്കാർ പറയുന്നു. മഴവെള്ളത്തെ ഒഴുക്കിവിടുവാനുള്ള സംവിധാനം ഇല്ലാത്തതുമൂലം വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കി. ചപ്പുചവറുകൾ നിറഞ്ഞ് വെള്ളത്തിൽ നിന്നും ദുർഗന്ധം വമിച്ചു തുടങ്ങി.
മഴ കനത്തു പെയ്യുമ്പോൾ ഇവിടെ നിന്നുള്ള മലിന ജലം നിരവധി വീടുകൾക്കു മുന്നിലൂടെയാ ണ് ഒഴുകിപ്പോകുന്നത്. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി വീടും പരിസരവും പരിശോധന നടത്തുമ്പോൾ ചെറിയ അശ്രദ്ധകൾക്കുപോലും പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന അധികൃതർ ഇതൊന്നും കാണുന്നില്ലെന്ന ആക്ഷേപമുണ്ട്.
മേലൂർ പഞ്ചായത്ത് പരിധിയിലെ ചിലയിടങ്ങളിലുള്ള തോട്, കനാൽ, ഡ്രൈനേജ് തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് പ്രശ്ന പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും കല്ലുകുത്തി കപ്പേളയ്ക്കു സമീപം റോഡിന് ഇരുവശത്തുമുള്ള കുഴികൾ മൂടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.