മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡില് വെള്ളക്കെട്ട്
1338154
Monday, September 25, 2023 1:38 AM IST
മേലൂർ: മഴ തകർത്തു പെയ്തിറങ്ങി, ദുരിതത്തിലായതു യാത്രക്കാർ. അധികൃതരുടെ അനാസ്ഥയാണു കാരണമെന്ന് ആരോപണം.
കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടോടെ ആരംഭിച്ച പെരുമഴ മണിക്കൂറുകളോളം നീണ്ടു. മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡിൽ കാലടി കപ്പേളക്ക് സമീപം കൈതോലപ്പാടം, കുരിശങ്ങാടി വഴി എന്നിവിടങ്ങളിൽ തോട്ടിൽ നിന്നുള്ള മഴ വെള്ളം കുതിച്ചൊഴുകി എത്തിയതിനെ തുടർന്ന് റോഡ് പുഴയായി മാറി. തോടുകൾ വൃത്തിയാക്കി സൂക്ഷിക്കാത്തതു മൂലം മണ്ണുനിറഞ്ഞ് മൂടിപ്പോവുകയും കാടുകയറുകയും ചെയ്തു. ഗ്രാമസഭകളിലും മറ്റും പരാതി പറഞ്ഞിരുന്നുവെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മേലൂർ - അടിച്ചിലി റോഡിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഭാഗത്തെ ഉയർന്ന പ്രദേശത്തുനിന്നും ഒഴുകിവരുന്ന വെള്ളം പള്ളി നട ജംഗ്ഷനിലാണു നിറയുന്നത്. കൂടാതെ കരിങ്ങാമ്പിള്ളി സ്റ്റോപ്പിനു സമീപമുള്ള ഇടവഴിയിൽ നിന്നും വരുന്ന മഴ വെള്ളം റോഡിനു കുറുകെ ശക്തിയായി ഒഴുകുകയാണ്.
റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഡ്രൈനേജ് കാഴ്ചക്ക് മാത്രമായെന്ന് ആക്ഷേപമുണ്ട്. ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്.
മഴയിൽ നിറഞ്ഞ റോഡുകൾ കാണാൻ കഴിയാത്ത വിധമായി. വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ മറ്റു യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയാണു പോയിരുന്നത്. തോടുകൾ ശരിയായ രീതിയിൽ ശുചീകരണം നടത്താൻ അധികൃതർക്ക് സാധിച്ചില്ലെങ്കിൽ വഞ്ചിയിറക്കി തരണമെന്നാണ് ആവശ്യം.
പ്രധാന റോഡുകളിൽ പെയ്ത്തുവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ തോടുകളെല്ലാം തുറക്കണമെന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ മാസം 20 ന് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നൽകിയ മുന്നറിയിപ്പ് അവഗണിച്ചതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്.
ബന്ധപ്പെട്ട അധികൃതർ പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.