അജാനൂർ തീരത്ത് അഴിമുഖം അടച്ച് കടലേറ്റം തടയാൻ ജലവിഭവ വകുപ്പ്
1576858
Friday, July 18, 2025 6:29 AM IST
കാഞ്ഞങ്ങാട്: രൂക്ഷമായ കടലേറ്റം മൂലം ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും വീടുകളും ഭീഷണിയിലായ അജാനൂർ കടപ്പുറത്ത് നിലവിലുള്ള അഴിമുഖം അടച്ച് പുഴയെ വഴിതിരിച്ചുവിട്ട് കടലേറ്റം തടയാൻ ശ്രമം. ഇപ്പോൾ പുഴ കടലിലേക്ക് ചെന്നുചേരുന്ന ഭാഗത്ത് ജിയോട്യൂബുകൾ സ്ഥാപിച്ചാണ് അഴിമുഖം അടക്കുക.
ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായുള്ള നിർമാണസാമഗ്രികളെത്തിച്ച് പ്രവൃത്തികൾ തുടങ്ങി. അജാനൂർ തീരത്ത് കടലേറ്റം തടയാനുള്ള പ്രവൃത്തികൾക്കായി ജലവിഭവവകുപ്പ് കഴിഞ്ഞ ദിവസം 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്.
ചിത്താരിപ്പുഴ സാധാരണഗതിയിൽ കടലിൽ ചേരുന്ന ഭാഗത്തുനിന്ന് അര കിലോമീറ്ററോളം തെക്കുഭാഗത്തേക്ക് ഗതിമാറിയൊഴുകിയതാണ് അജാനൂർ തീരത്ത് കടലേറ്റം രൂക്ഷമാക്കിയത്. ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപത്തുകൂടി പുഴ കടലിൽ ചെന്നുചേരാൻ തുടങ്ങിയതോടെ ഇവിടെ പുതിയ അഴിമുഖം രൂപപ്പെടുകയും ഇതിന്റെ സമീപസ്ഥലങ്ങളിൽ കടൽ കരയിലേക്ക് വന്നുകയറുകയുമായിരുന്നു. ഈ പുതിയ അഴിമുഖമാണ് ജിയോ ട്യൂബുകൾ സ്ഥാപിച്ച് അടക്കുക. ഇതോടെ പുഴയെ വീണ്ടും വഴിതിരിച്ചുവിട്ട് അര കിലോമീറ്ററോളം വടക്കുമാറിയുള്ള പഴയ അഴിമുഖത്തിലൂടെ തന്നെ കടലിൽ ചെന്നുചേരുന്ന നിലയിലാക്കാനാണ് പദ്ധതി.
20 മീറ്റർ നീളവും മൂന്നുമീറ്റർ വ്യാസവുമുള്ള പോളിത്തീൻ ട്യൂബുകളാണ് ജിയോ ട്യൂബുകൾ. ഇവയ്ക്കുള്ളിലേക്ക് യന്ത്രസഹായത്തോടെ മണൽ പമ്പ് ചെയ്ത് നിറച്ചാണ് പുഴയ്ക്ക് കുറുകേ സ്ഥാപിക്കുക.
അഞ്ചുവർഷം മുമ്പും ഇവിടെ കടലേറ്റം രൂക്ഷമായപ്പോൾ പുഴയെ വഴിതിരിച്ചുവിട്ടിരുന്നു. അന്ന് ജിയോ ട്യൂബുകൾ പോലുള്ള ആധുനിക സംവിധാനങ്ങൾ ലഭ്യമാകാത്തതിനാൽ നാട്ടുകാരുടെ അധ്വാനത്തിലൂടെ മണൽച്ചാക്കുകളും തെങ്ങോലകളും സ്ഥാപിച്ചാണ് അഴിമുഖം അടച്ചത്.
ഫിഷ് ലാൻഡിംഗ് സെന്ററിലേക്കുള്ള റോഡ് ദിവസങ്ങൾക്കുമുമ്പേ കടലേറ്റത്തിൽ തകർന്നിരുന്നു. കടലേറ്റം തടയുന്നതിനായി പഞ്ചായത്തിന്റെ ചെലവിൽ നിർമിച്ച കോൺക്രീറ്റ് ഭിത്തിയും തകർന്നു. ഇപ്പോൾ കെട്ടിടത്തിന് രണ്ടു മീറ്റർ അടുത്തുവരെ തിരമാലകളെത്തുന്നുണ്ട്. റോഡ് തകർന്നതോടെ മറുകരയിലുണ്ടായിരുന്ന വീടുകളും കടലേറ്റ ഭീഷണിയിലായി.
ചിത്താരിപ്പുഴ കടലിനടുത്തെത്തുമ്പോൾ വർഷാവർഷം ഗതിമാറി ഒഴുകുന്നതാണ്അജാനൂർ കടപ്പുറത്തെ അപകടാവസ്ഥയിലാക്കുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഇവിടെ ഒരു മിനി ഹാർബർ നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് പലതവണ സർവേകളും വിദഗ്ധ സമിതികളുടെ സന്ദർശനവും സ്ഥലപരിശോധനയും നടന്നിരുന്നു. എല്ലാ റിപ്പോർട്ടുകളും അനുകൂലമായിട്ടും തുറമുഖത്തിന്റെ നിർമാണം തുടങ്ങാൻ വൈകുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.