തെരുവുനായ് ശല്യം രൂക്ഷം
1576776
Friday, July 18, 2025 5:36 AM IST
ഇരിങ്ങാലക്കുട: ഭീതിവിതച്ച് ഇരിങ്ങാലക്കുട ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. അതിരാവിലെ ബസ് സ്റ്റാന്‍ഡ് പരിസരത്തും മാര്‍ക്കറ്റിനുസമീപമുള്ള റോഡുകളിലുമാണു തെരുവുനായ്ക്കള്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്.
സംഘംചേര്‍ന്ന് റോഡില്‍ തമ്പടിക്കുന്ന നായ്ക്കൂട്ടത്തെ മറികടന്നുപോകണമെന്നുള്ളത് വിദ്യാര്‍ഥികള്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഏറെ ഭീതിജനകമായ കാര്യമാണ്. നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളടക്കം, രാവിലെ യാത്രചെയ്യുന്നവര്‍ ഭീതിയുടെ മുള്‍മുനയിലാണ്.
നഗരസഭയുടെ പൊറത്തിശേരി മേഖലയില്‍ 35, 38, 39 എന്നീ വാര്‍ഡുകളില്‍ പേവിഷബാധ പടരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കല്ലട ക്ഷേത്രത്തിനടുത്ത് കഴിഞ്ഞദിവസം രാത്രി പുറത്തുനിന്നെത്തിയ തെരുവുനായും സമീപപ്രദേശത്തുള്ള ഏഴോളം നായ്ക്കളും തമ്മിലുണ്ടായ കടിപിടിയില്‍ പുറത്തുനിന്നെത്തിയ നായ ചത്തു. ചത്ത തെരുവുനായയെ നഗരസഭ ആരോഗ്യവിഭാഗം കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് പേവിഷബാധയുണ്ടെന്ന് തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുകയായിരുന്നു.
ആറുമാസത്തിനുള്ളില്‍ കടിയേറ്റ് ചികിത്സതേടിയത് 1132 പേര്
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇരിങ്ങാലക്കുട മേഖലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടിയത് 1132 പേരാണ്. ജനുവരി- 189, ഫെബ്രുവരി- 191, മാര്‍ച്ച്- 177, ഏപ്രില്‍- 207, മെയ്- 220, ജൂണ്‍- 148 എന്നിങ്ങനെയാണ് കടിയേറ്റ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയവരുടെ കണക്ക്. പൂച്ചയുടെയും മറ്റു മൃഗങ്ങളുടെയും കടിയേറ്റ് ചികിത്സതേടിയവര്‍ 1701 പേരാണ്.
ഇതില്‍ 187 പേര്‍ക്കാണ് അടിയന്തരമായി വിദഗ്ധചികിത്സ നല്‍കേണ്ടിവന്നത്. ഇത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മാത്രം കണക്കാണ്.
സമീപപ്രദേശങ്ങളിലുള്ള പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരുടെ ഏണ്ണംകൂടി കണക്കാക്കിയാല്‍ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ഇനിയുംകൂടും.