യുവാവിനെ ആക്രമിച്ച മൂവർസംഘം അറസ്റ്റിൽ
1576773
Friday, July 18, 2025 5:36 AM IST
കയ്പമംഗലം: മൂന്നുപീടികയിൽ ബസ് കാത്തുനിന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽഫോണും എയർപോഡും പിടിച്ചുവാങ്ങി കടന്നുകളഞ്ഞ മൂവർസംഘത്തെ അറസ്റ്റ്ചെയ്തു.
ചാവക്കാട് എടക്കഴിയൂർ ഐനിപ്പുള്ളിവീട്ടിൽ നിഗേഷ്(26), ചാവക്കാട് മതിലകത്തുവിട്ടിൽ നിസാമുദ്ദീൻ(24), ചാവക്കാട് തിരുവത്ര സ്വദേശി മേത്തിവീട്ടിൽ മുർഷാദ്(22) എന്നിവരാണ് കേസിലെ പ്രതികൾ. കയ്പമംഗലം പോലീസും കൊടുങ്ങല്ലൂർ പോലീസും ചേർന്നാണ് പ്രതികളെ കൊടുങ്ങല്ലൂരിൽവച്ച് പിടികൂടിയത്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുത്തേഴത്ത് വീട്ടിൽ ശാഹുൽ ഹമീദിന്റെ മകൻ സാഹിൽ(19) ആയിരുന്നു ആക്രമണത്തിനിരയായത്.
14നു പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എറണാകുളത്ത് പഠനസ്ഥലത്തേയ്ക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു സാഹിൽ. ബഹളംകേട്ട് മൂന്നുപീടിക സെന്ററിലെ ഒട്ടോഡ്രൈവർമാർ പോലീസിനെ വിളിച്ചപ്പോഴേയ്ക്കും ഇവർ കടന്നുകളഞ്ഞു. പോലീസ് പിന്തുടരുന്നതിനിടെ കൊടുങ്ങല്ലൂർ വടക്കേനടയിൽ റോഡിലെ ബാരിക്കേഡിൽ പ്രതികൾ സഞ്ചരിച്ച ബൈക്കിടിച്ച് മറിയുകയായിരുന്നു.
സാരമായി പരിക്കേറ്റ മൂന്നുപേരെയും പോലീസ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.