വള്ളം മറിഞ്ഞു കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു
1576789
Friday, July 18, 2025 5:36 AM IST
ചാവക്കാട്: മത്സ്യബന്ധനത്തിനിടയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവായ മത്സ്യത്തൊഴിലാളിക്കുവേണ്ടി തെരച്ചിൽ നടത്തി; കണ്ടെത്തിയില്ല. കയ്പമംഗലം കൂരിക്കുഴി നെച്ചിപ്പറമ്പിൽ അഷ്റഫിന്റെ മകൻ അൻസിലി(18)നെയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് ചെറുവള്ളത്തിൽ (ഡിങ്കി) മത്സ്യവുമായി വരുമ്പോൾ ചേറ്റുവ അഴിമുഖത്തിനു പടിഞ്ഞാറ് വലിയ തിരമാലയിൽപ്പെട്ട് മൂന്നു തൊഴിലാളികൾ ഉണ്ടായിരുന്ന വള്ളം മറിയുകയായിരുന്നു.
വള്ളത്തിൽ പിടിച്ചുനിന്ന തൊഴിലാളികളിൽ അൻസിലിൽ പിടിവിട്ടുപോയി. വലപ്പാട് സ്വദേശികളായ ബിബിൻ(38), വിജിത്ത് (35) എന്നിവർ നിന്തി കരപറ്റി. കഴിമ്പ്രം സ്വദേശി രാജുവിന്റെ ഉടമയിലുള്ള ശ്രീ മഹാസേനൻ വള്ളത്തിന്റെ കാരിയർവള്ളമാണ് അപകടത്തിൽപെട്ടത്. രാത്രിതന്നെ മുനയ്ക്കക്കടവ് പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
ഇന്നലെ തീരദേശ പോലീസിന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പിന്റെ ചെറുതും വലുതുമായ റെസ്ക്യുബോട്ടുകൾ ചേറ്റുവ അഴിമുഖം കേന്ദ്രീകരിച്ചും തീരക്കടലിൽ ഹെലികോപ്ടർ രണ്ടു തവണയും തെരച്ചിൽ നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളും തെരച്ചിലിൽ പങ്കെടുത്തു.