കോടശേരി പഞ്ചായത്ത്; ആരോപണങ്ങൾ വാസ്തവവിരുദ്ധമെന്ന് എൽഡിഎഫ്
1576769
Friday, July 18, 2025 5:36 AM IST
ചാലക്കുടി: കോടശേരി പഞ്ചായത്തിൽ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് എൽഡിഎഫ് അംഗങ്ങൾ.
പഞ്ചായത്ത് ഹാളിൽ സമാധാനപരമായാണ് ഇറങ്ങിപ്പോക്കുനടത്തിയത്. യുഡിഎഫ് അംഗം റിജു മാവേലി ഗുരുതരാവസ്ഥയിലായത് എങ്ങനെയെന്ന് അറിയില്ലെന്നും തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും യുഡിഎഫ് അംഗങ്ങളാണ് തങ്ങൾക്കുനേരെ അക്രമംനടത്തിയെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
കോടശേരിയിലെ ഹരിതകർമസേന രജിസ്റ്റർചെയ്തത് കുടുംബശ്രീയുടെ കീഴിലാണ്. എന്നാൽ ഇതിൽ യുഡിഎഫ് സാമ്പത്തികക്രമക്കേട് നടത്തിട്ടുണ്ടെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ക്രമക്കേടുകൾ മറച്ചുവയ്ക്കാനാണ് കുടുംബശ്രീയുടെ കീഴിൽനിന്നു ഹരിതകർമസേനയെ മാറ്റാൻ ശ്രമംനടക്കുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഹരിതകർമസേനയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഇതിനെതിരേ 22 പേർ പരാതി നൽകിയെന്നത് വ്യാജമാണ്. ഇത്തരം നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം തുടരുമെന്ന് പഞ്ചായത്ത് അംഗങ്ങളായ ഇ.എ. ജയതിലകൻ, എം.ഡി. ബാഹുലേയൻ, ശ്യാമ സജീവൻ, വി.ജെ. വില്യംസ്, ദീപ പോളി, ടി.ആർ. ബാബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.