വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1576915
Friday, July 18, 2025 11:15 PM IST
ചേറ്റുവ: ഹാർബർ അഴിമുഖത്തു വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം അഴീക്കോട് അഴിമുഖത്തിനു തെക്കുപടിഞ്ഞാറുഭാഗത്തു കടലിൽനിന്ന് ഇന്നലെ രാവിലെ കണ്ടെടുത്തു. കയ്പമംഗലം നെച്ചിപ്പറമ്പിൽ അഷറഫിന്റെ മകൻ അൻസിലി(18)ന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
അഴീക്കോട് ഫിഷറീസ് മറൈൻ റസ്ക്യൂ ബോട്ടും അഴീക്കോട് തീരദേശപോലീസും തെരച്ചിൽ നടത്തിവരവേയാണ് ജഡം കണ്ടെടുത്തത്. മൃതദേഹം ബോട്ടിൽ അഴീക്കോട് എഫ്എൽഎസിൽ എത്തിച്ച് ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം കൂരിക്കുഴിയിൽ മൃതദേഹം സംസ്കരിച്ചു.
ഏതാനും മാസങ്ങൾക്കുമുമ്പാണ് അൻസിൽ മത്സ്യബന്ധനത്തിനു പോയിത്തുടങ്ങിയത്. സെബിനയാണ് അമ്മ.
ബുധനാഴ്ച വൈകീട്ടാണ് ശക്തമായ കാറ്റിലും മഴയിലുംപെട്ട് അൻസിലും മറ്റു രണ്ടു മത്സ്യത്തൊഴിലാളികളും സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ നീന്തിരക്ഷപ്പെട്ടിരുന്നു.
മുനയ്ക്കക്കടവ് തീരദേശപോലീസ് മേൽനടപടികൾ സ്വീകരിച്ചു.